സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാം ചേര്‍ന്നൊരു ചിത്രം, അര്ജുന് അശോകന് നായകനായി എത്തിയ തട്ടാശ്ശേരി കൂട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം. ദിലീപിന്റെ സഹോദരന് അനൂപ് പത്മനാഭന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ദിലീപ് തന്നെയാണ് നിർമ്മാണം. ഫാന്റസിയുടെ അകമ്പടിയില്ലാത്ത സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ചിത്രത്തിന്റെ കഥപറച്ചില്‍. ചിരിക്കൂട്ടുകള്ക്കൊപ്പം ഇടയ്ക്ക് ത്രില്ലര്‍ സ്വഭാവവും ചിത്രം കൈവരിക്കുന്നുണ്ട്. അത് ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
സഞ്ജയ് എന്ന ചെറുപ്പക്കാരനേയും അയാളുടെ സൗഹൃദ വലയത്തേയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. ഇതിനിടെയില്‍ സഞ്ജുവിന്റെ അമ്മാവനും കടന്നു വരുന്നു. ഐ എ എസ് ക്ലാസുകളില്‍ അലക്ഷ്യമായി പങ്കെടുക്കുകയും ചങ്ങാതിമാര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്ന സഞ്ജയിയുടെ ജീവിതത്തില്‍ പ്രണയം കടന്നുവരുന്നതോടെ ചിത്രത്തിന്റെ ഗതി മാറുകയാണ്. ഒരുഘട്ടത്തില്‍ സഞ്ജയിയുടെ സമ്പാദ്യം മുഴുവന്‍ കൊള്ളയടിക്കപ്പെടുകയും പെരുവഴിയിലാകുകയും ചെയ്യുന്നുണ്ട്. അതിന് പ്രതികാരം വീട്ടാന്‍ സഞ്ജയും സുഹൃത്തുക്കളും ഇറങ്ങിത്തിരിക്കുന്നതോടെ ചിത്രത്തിന് ത്രില്ലര്‍ സ്വഭാവം കൈവരുന്നു. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാരായ ആളുകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവേ നടൻ ഗണപതി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. മമ്മൂക്കയുമായുള്ള ബന്ധത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. “മമ്മൂക്കയുടെ കൂടെയുള്ള നിമിഷങ്ങളൊക്കെ നമ്മൾ നന്നായിട്ട് എൻജോയ് ചെയ്യാറുണ്ട്. അദ്ദേഹം മറ്റുള്ളവരോട് ഇടപഴകുന്ന രീതിയൊക്കെ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. വാട്സാപ്പിൽ ഒരു മെസേജ് അയച്ചാൽ തിരിച്ചയക്കുന്ന സൂപ്പർസ്റ്റാർ മമ്മൂക്കയേയുള്ളൂ. അത്രത്തോളം പുള്ളി എല്ലാവർക്കും അപ്രോച്ചബിൾ ആണ്. എല്ലാവരെയും കേൾക്കുന്ന വ്യക്തിയാണ്. ഈയൊരു വയസിലും ഇത്രയും അപ്ഡേറ്റഡായിട്ട് നിൽക്കുന്ന സ്റ്റാർ എന്നത് നമുക്ക് അഭിമാനിക്കാൻ പറ്റി. ആ ആളുടെ കൂടെ മൂന്ന് സിനിമകളിൽ അഭിനയിക്കാൻ പറ്റി.”