മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കിനും കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും വിലക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത നടപടിയെ ചോദ്യം ചെയ്ത് നടൻ ഹരീഷ് പേരടി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനും എതിരെ പരാമർശം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സംഘാടകരും പൊലീസും കറുപ്പ് നിറത്തിന് വിലക്ക് ഏർപ്പെടുത്തി.
കറുത്ത മാസ്കിന് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് പേരടി തന്റെ വിമർശനം കുറിച്ചത്. കുറിപ്പ് ഇങ്ങനെ, ‘ജീവിച്ചിരിക്കുന്ന കുണ്ടിയിൽ അപ്പിയുള്ള മലയാളികൾ (ഇന്ന് തിന്ന രാഷ്ട്രിയം ദഹിച്ചവർ) രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്ക്കും ധരിക്കുക…ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റിനു നേരെയുള്ള പ്രതിഷേധമാണ്.’ – ഇങ്ങനെ ആയിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. കറുത്ത മാസ്ക് അണിഞ്ഞുള്ള തന്റെ ചിത്രം സഹിതമാണ് ഹരീഷിന്റെ കുറിപ്പ്. ഇതിനിടെ ഹരീഷ് പേരടിയുടെ പ്രതിഷേധത്തിന് എതിരെ സി പി എം നേതാവ് കെ ടി കുഞ്ഞിക്കണ്ണൻ രംഗത്തെത്തി. ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര് ഇന്നത്തെ സാഹചര്യത്തില് കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് സമാധാനിക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് ആയിരുന്നു കുഞ്ഞിക്കണ്ണന്റെ കുറിപ്പ്.
ഇതിനും മറുപടിയായി ഹരീഷ് പേരടി എത്തി. താൻ ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്ന കുറിപ്പ് വേറെ ആരും വായിച്ചില്ലെങ്കിലും സഖാവ് കുഞ്ഞിക്കണ്ണേട്ടൻ വായിച്ചോളും എന്ന് പറഞ്ഞാണ് ഹരീഷ് തന്റെ അടുത്ത കുറിപ്പ് ആരംഭിച്ചത്. ഒ വി വിജയന്റെ ധർമപുരാണം പരാമർശിച്ച് കൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്. കുറിപ്പ് ഇങ്ങനെ, ‘നിങ്ങളാരും വായിച്ചില്ലെങ്കിലും സഖാവ് കുഞ്ഞികണ്ണേട്ടൻ വായിച്ചോളും…………………” പ്രജാപതിക്ക് തൂറാൻ മുട്ടി. രാജകീയ ദർബാറിനിടയിൽ സിംഹാസനത്തെ വിറ കൊള്ളിച്ചു കൊണ്ട് കീഴ്ശ്വാസം അനർഗ നിർഗളം ബഹിർഗ്ഗമിച്ചു..പുറത്തേക്ക് വമിച്ച ദുർഗന്ധത്താൽ ദർബാറിലിരുന്ന പൗര പ്രമുഖരുടെയും സചിവോത്തമൻമാരുടെയും സേനാനായകന്റെയും മനം പുരട്ടി.. പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജകീഴ്ശ്വാസം ആണ്.. നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിർവാഹമില്ല ആർത്തു വിളിക്കാതെ വഴിയില്ല.. ധനസജീവൻ ജയഭേരി മുഴക്കി ആദ്യം ആർത്തു വിളിച്ചു.. പ്രജാപതിയുടെ കീഴ്ശ്വാസം അതി ഗംഭീരം.. സംഗീതാത്മകം.. ഈരേഴു പതിനാല് ലോകത്തിലെ സുഗന്ധ ലേഖനങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മഹത്തായ ഗന്ധം.പ്രജാപതിയുടെ മുഖം തെളിഞ്ഞു.. കൊട്ടാരം ദർബാറിന്ന് പുറത്തുള്ള വിദൂഷകൻ അമിട്ട് മുഴങ്ങുന്ന ശബ്ദത്തിൽ പ്രജാ രാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു.. അതു രാജകീയ കീഴ് ശ്വാസം.. പ്രജാപതി കീഴ്ശ്വാസം വിട്ടു.. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം. ഇതിനെ കുറ്റപ്പെടുത്തുന്നവർ രാജ്യദ്രോഹികൾ. നാറ്റം കൊട്ടാര ക്കെട്ടും കടന്നു രാജ്യമാകെ പരന്നു. പ്രജാപതി ഭക്തർ ദുർഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുർഗന്ധം തിരിച്ചറിഞ്ഞ ജനങ്ങൾ അസ്വസ്ഥരായി.. സ്തുതി പാഠകരുടെ മുഖസ്തുതിയിൽ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു. അത് കൂടി കൂടി വന്നു. ദിവസം ചെല്ലുന്തോറും നാറ്റത്തിന്റെ തീഷ്ണതയും കൂടി കൂടി വന്നു. പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തുന്ന വരെ രാജ്യദ്രോഹികളായി മുദ്രകുത്തി ചിത്രവധം ചെയ്തു.. എതിർക്കുന്നവരെ കണ്ടെത്താൻ സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു.. ഗ്രാമസഭകളിലും നഗരവീഥികളിലും ജനപദങ്ങളിലും പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവര് ഭേദ്യം ചെയ്തു. പ്രജാപതി നീണാൾ വാഴട്ടെ. സ്തുതി പാഠകരുടെ മുഖസ്തുതിയിൽ മണ്ടൻ പ്രജാപതി നിരന്തരം കീഴ് ശ്വാസം വിട്ടു കൊണ്ടേയിരുന്നു.. രാജ്യം ദുർഗന്ധത്താൽ വീർപ്പുമുട്ടി.. പുഴുത്തു നാറി.. അപ്പോഴും രാജ കിങ്കരന്മാരും രാജ ഭക്തന്മാരും സ്തുതിഗീതം പാടി നടന്നു.. നാറ്റമറിയാത്ത പ്രജാപതി ഭക്തര് അയൽ നാടുകളിൽ ഇരുന്ന് പ്രജാപതിക്ക് ജയഭേരി മുഴക്കി ആർപ്പ് വിളിച്ചു.. പ്രജാപതി നീണാൾ വാഴട്ടെ..’ ധർമ്മപുരണം : ഓ. വി. വിജയൻ.