സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ നായകരായി എത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. രു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉൾക്കാഴ്ച്ചയാണ് സിനിമയെന്നാണ് ഹരീഷ് പേരടി ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ജോയ് മാത്യുവും ടിനു പാപ്പച്ചനും ഒരുക്കിയ ഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിത്തറയ്ക്കുന്നതെന്നും ഹരീഷ് പേരടി കുറിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് പേരടി ഇക്കാര്യം പങ്കുവെച്ചത്.
ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘രാഘവൻ പെരുവണ്ണാന്റെ “മോനെ “എന്ന അലർച്ച …”ഒൻ ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാൻ പറയൂല്ലാ” എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,”ഇങ്ങള് ആരാ?എന്തിനാ?”എന്ന ആരോടെന്നില്ലാത്ത ചോദ്യം,”ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി”..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല..മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതിൽ മുഴങ്ങുന്നു..ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉൾക്കാഴ്ച്ച..ജോയേട്ടാ.ടിനു.നിങ്ങളൊരുക്കിയ ഈ ചലച്ചിത്രാനുഭവം ചങ്കിലാണ്കു ത്തിതറക്കുന്നത്. അശോകൻ=ശോകമില്ലാത്തവൻ.. കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവർത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചൻ..ഈ പകർന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക് …പെപ്പേ..മായ്ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം … വേട്ടയാടികൊണ്ടേയിരിക്കുന്നു… മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ… മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമതന്നെയാണ് ചാവേർ.’.
ഒക്ടോബർ അഞ്ചിന് ആയിരുന്നു ചാവേർ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തിയത്. ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കണ്ണൂര് പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിലാണ് ടിനു പാപ്പച്ചൻ സിനിമ ഒരുക്കിയത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.