രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെയും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ നഞ്ചിയമ്മയെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ കാണാതെ പോകരുതെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഹരീഷ് പേരടി ഇങ്ങനെ കുറിച്ചത്. അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണെന്നും കോരന് താഴെയുള്ള കീരനെയും ചാത്തനെയും ചൂലനെയും ഏറ്റെടുക്കാൻ അവരുടെ രാഷ്ട്രിയ യജമാനൻമാർ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകൾക്ക് അനുവാദം കൊടുത്തിട്ടില്ലെന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവർണ്ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയിൽ കാണാതെ പോകരുത്…ഇവർക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ എതിർപക്ഷത്തുള്ളവർ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീർക്കുന്നവർ…അവർ ശരിക്കും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ട്…അസൽ കുളം കുത്തികളായി..അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് …കോരന് താഴെയുള്ള കീരനെയും,ചാത്തനെയും,ചൂലനെയും ഏറ്റെടുക്കാൻ അവരുടെ രാഷ്ട്രിയ യജമാനൻമാർ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകൾക്ക് അനുവാദം കൊടുത്തിട്ടില്ല… അപകടങ്ങളിൽ പെടാതെ സാംസ്കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്.. .ജാഗ്രതൈ..’
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതിനു പിന്നാലെ വിമർശനങ്ങളുമായി ചിലർ രംഗത്ത് എത്തിയിരുന്നു. സംഗീതം പഠിക്കാത്തവർക്ക് അവാർഡ് നൽകിയതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് ആയിരുന്നു ഇത്തരം വിമർശനവുമായി എത്തിയവർ പറഞ്ഞത്. എന്നാൽ, ഈ വിമർശനങ്ങളെയെല്ലാം ചവറ്റുകൊട്ടയിലാക്ക് ബിജിബാലിനെ പോലുള്ള സംഗീതജ്ഞർ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി കഴിഞ്ഞദിവസമാണ് ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.