സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തെ തുടർന്നുണ്ടായ വിവാദത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് എതിരെ നടൻ ഹരീഷ് പേരടി. അടുത്ത തവണ ഇടതുപക്ഷം ഭരണത്തിൽ വന്നാൽ സാംസ്കാരികമന്ത്രി ആകാനുള്ള വ്യക്തിയാണ് രഞ്ജിത്തെന്ന് ആർക്കും അറിയില്ലെന്ന് ഹരീഷ് കുറിച്ചു. ആക്ഷേപഹാസ്യരൂപേണ എഴുതിയ കുറിപ്പിന് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ, ‘രഞ്ജിയേട്ടാ…ആരൊക്കെ പ്രകോപിപ്പിച്ചാലും..നിങ്ങൾ ഒന്നും മിണ്ടരുത്…നമ്മൾ തബ്രാക്കൻമാർ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കാറുള്ളു…ആ കൊല ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തിയമരും.. നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി.. നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു…(അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറി കൂടി..അതാണി പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം..അതിനുള്ള പണി പിന്നെ)അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ…ഇതുവല്ലതും ഈ നാലകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ…അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാൽ സാസംകാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥിയാണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ…സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട…ഈഗോ വരും…അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി…വിപ്ലവാശംസകൾ…’
താന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം കലാസംവിധാനത്തിനുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെടാതിരിക്കാന്‍ ഇടപെട്ടത് രഞ്ജിത്ത് ആണെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്ത് വന്നിരുന്നു. പിന്നീട് ഇക്കാര്യം ജൂറിയിൽ ഉണ്ടായിരുന്ന നേമം പുഷ്പരാജ് അടക്കമുള്ളവർ ശരി വെയ്ക്കുന്ന ഫോണ്‍കോളുകളുടെ ശബ്ദരേഖയും വിനയന് പുറത്ത് വിട്ടിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.