മമ്മൂക്ക – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മാസ്സ് എന്റർടൈനർ മധുരരാജയിലൂടെ തമിഴ് താരം ജയ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ശക്തമായ ഒരു മുഴുനീള വേഷം തന്നെയാണ് ജയ്ക്ക് മധുരരാജയിൽ ഉള്ളത്. സുബ്രഹ്മണ്യപുരം, എങ്കേയും എപ്പോതും, രാജാ റാണി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ പരിചിതനായ ജയ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചപ്പോൾ ഏറെ ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരുന്നത്. ആ കാത്തിരിപ്പുകളെ സാധൂകരിക്കുന്ന ഒരു പ്രകടനം അദ്ദേഹത്തിൽ നിന്നും ഉണ്ടാവുകയും ചെയ്തു. മധുരരാജയിൽ മമ്മൂക്കക്കൊപ്പം അഭിനയിച്ച അനുഭവം പങ്ക് വെക്കുകയാണ് അദ്ദേഹം.
സൂപ്പർസ്റ്റാർ മമ്മൂക്കക്കൊപ്പമാണ് അഭിനയിക്കേണ്ടത് എന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്. എന്നാൽ ഒരു സൂപ്പർസ്റ്റാർ എന്നതിനേക്കാൾ ഉപരി സുഹൃത്തായ ഒരു സഹപ്രവർത്തകനൊപ്പം അഭിനയിക്കുന്ന ഒരു പുത്തൻ അനുഭവമാണ് എനിക്ക് ലഭിച്ചത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പം അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ ഹ്യൂമർസെൻസും കരുതലും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. വേറെ ലെവൽ..! തികഞ്ഞ ആരാധനയാണ് തോന്നുന്നത്. അദ്ദേഹത്തിൽ നിന്നും ഏറെ പഠിക്കാനും സാധിച്ചു. വലിയ സ്നേഹത്തിന് ഒത്തിരി നന്ദി.