തിയറ്ററുകൾ കീഴടക്കി ‘അജഗജാന്തരം’ എന്ന ചിത്രം മുന്നേറുകയാണ്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘അജഗജാന്തരം’ എന്ന ചിത്രത്തിന് ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ നായകനാകുമെന്നാണ് റിപ്പോർട്ട്. ജയസൂര്യ തന്നെയാണ് ഇത്തരത്തിൽ ഒരു സൂചന സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നൽകിയത്.
ഇൻസ്റ്റഗ്രാമിൽ ജയസൂര്യ തന്നെയാണ് ടിനു പാപ്പച്ചന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘ഞങ്ങളുടെ പ്രോജക്റ്റ് എങ്ങനെ രൂപപ്പെട്ടുവരുന്നു എന്നതിൽ ആവേശമുണ്ട്! ഇവർക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്.’ – നിര്‍മാതാവും നടനുമായ അരുണ്‍ നാരായണൻ, ടിനു പാപ്പച്ചൻ എന്നിവർക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സൂണ്‍ എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യക്കൊപ്പമുള്ള ചിത്രം ടിനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രം നിര്‍മ്മിച്ചത് അരുണ്‍ നാരായണന് ആണ്. ആന്റണി വര്‍ഗീസ് നായകനായ അജഗജാന്തരത്തില്‍ അര്ജുന് അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാന്, സാബു മോന്, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്. ചിത്രത്തിന്റെ തിരക്കഥ കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമിച്ചത്.
View this post on Instagram