റോഡുകളിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് കരാറുകാരനെതിരെ കേസ് എടുക്കണമെന്ന നിർദ്ദേശവുമായി നടൻ ജയസൂര്യ. റോഡ് നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് നല്ല റോഡ് വേണമെന്ന് പറഞ്ഞ അദ്ദേഹം പല ഭാഗങ്ങളിലും മോശം റോഡുകളാണ് ഉള്ളതെന്നും വ്യക്തമാക്കി. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് ജയസൂര്യ ഇങ്ങനെ പറഞ്ഞത്. പരിപാടിയിൽ പങ്കെടുക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കി ജയസൂര്യ പിന്നീട് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
റോഡ് അറ്റകുറ്റപണിയുടെ തടസം മഴയാണ് എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിലെ കുഴികളിൽ വീണ് അപകടം ഉണ്ടായാൽ കരാറുകാരന് എതിരെ കേസ് എടുക്കണം. കാലാവധി കഴിഞ്ഞ ടോൾ ഗേറ്റുകൾ പൊളിച്ചു കളയുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2013ൽ പൊട്ടിപ്പൊളിഞ്ഞ റോഡ് സ്വന്തം ചിലവിൽ നന്നാക്കി ജയസൂര്യ വാർത്തകളിൽ ഇടം നേടിയിരുന്നു.
അതേസമയം ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ജയസൂര്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽനിന്ന് കേട്ടിട്ടുണ്ട്.’ – ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.