മകൻ മാർക് ആന്റണിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ജൂലിയസ് സീസർ ആയി വേഷമിട്ട് നടൻ ജിനു ജോസഫ്. ജിനു തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചത്. ‘സന്തോഷകരമായ ഒന്നാം പിറന്നാൾ മാർക്.. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഭാര്യ ലിയ സാമുവലിനും മകനും ഒപ്പമുള്ള ചിത്രം ജിനു ജോസഫ് പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ജിനു ജോസഫിനും ഭാര്യയ്ക്കും മകൻ പിറന്നത്. മാർക് ആന്റണി ജോസഫ് എന്നായിരുന്നു മകന് പേരിട്ടത്.
റോമൻ സൈനികമേധാവി ആയിരുന്ന മാർക്കസ് അന്റോണിയസ് എന്ന മാർക് ആന്റണി റോമൻ ചക്രവർത്തി ആയിരുന്ന ജൂലിയസ് സീസറിന്റെ വിശ്വസ്തനും രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. മികച്ച പ്രാസംഗികനായും ധീരനായ പോരാളിയും ആയാണ് ചരിത്രത്തിൽ മാർക് ആന്റണി വിശേഷിപ്പിക്കപ്പെടുന്നത്. ഏതായാലും മകൻ മാർക് ആന്റണിയുടെ പിറന്നാൾ ദിനത്തിൽ ഷേക്സ്പിയർ കഥാപാത്രങ്ങളായാണ് ജിനു ജോസഫും ഭാര്യയും എത്തിയത്. കുഞ്ചാക്കോ ബോബൻ, രഞ്ജിനി ജോസ്, സ്രിന്ദ, ഫർഹാൻ ഫാസിൽ എന്നിങ്ങനെ നിരവിധ താരങ്ങളാണ് കുഞ്ഞുമാർക്കിന് പിറന്നാൾ ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്.
View this post on Instagram
അമൽ നീരദിന്റെ മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലൂടെയാണ് ജിനു ജോസഫ് ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചത്. സാഗർ ഏലിയാസ് ജാക്കി, ചാപ്പാ കുരിശ്, അൻവർ, ഇയ്യോബിന്റെ പുസ്തകം, ഉസ്താദ് ഹോട്ടൽ, റാണി പത്മിനി, വരത്തൻ, വൈറസ്, ട്രാൻസ് എന്നിവയാണ് ജിനു അഭിനയിച്ച മറ്റ് ചിത്രങ്ങൾ. അഭിനയിച്ച എല്ലാ സിനിമകളിലും ശ്രദ്ധേയമായ പ്രകടനമാണ് ജിനു ജോസഫ് കാഴ്ച വെച്ചത്. മിഥുൻ മാനുവൽ തോമസിന്റെ ‘അഞ്ചാം പാതിര’ എന്ന സിനിമയിലും ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച ജിനു അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.