വാഹനക്കമ്പമുള്ള മലയാള സിനിമാതാരങ്ങളേറെയുണ്ട്. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊക്കെ തന്നെ ലോകത്തെ മുന്‍ ബ്രാന്‍ഡുകളുടെ കാറുകള്‍ സ്വന്തമായുണ്ട്. ഇപ്പോഴിതാ നടന് ജോജു ജോര്‍ജും ആ പട്ടികയിലേക്കെത്തിയിരിക്കുകയാണ്. കരുത്തിന്റെ പ്രതീകമെന്നു പേരു കേട്ട ടാറ്റ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ് ജോജു ജോര്‍ജ്.
ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അടുത്തിടെ പുറത്തിറക്കിയ ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110-ന്റെ ഫസ്റ്റ് എഡിഷന് മോഡലാണ് ജോജു ജോര്‍ജ് സ്വന്തമാക്കിയത്. ലാന്‍ഡ് റോവറിന്റെ എക്കാലത്തെയും മികച്ച ജനപ്രിയ മോഡലുകളില്‍ ഒന്നാണിത്. എത്ര പരുക്കമേറിയ പ്രതലങ്ങളിലൂടെയും കുത്തനെയുള്ള കയറ്റിറക്കങ്ങളിലൂടെയും അനായാസം ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്ന വാഹനമാണിത്. ഇടയ്ക്ക് ഈ വാഹനം നിര്‍ത്തിവെച്ചിരുന്നെങ്കിലും 2019ല്‍ വീണ്ടും ആഗോളവിപണിയില്‍ എത്തി. രണ്ടാം വരവില്‍ കരുത്തിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകളും ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന് മാറ്റ് കൂട്ടി. കരുത്ത് ചോരാതെ തന്നെ ഭാരം കുറഞ്ഞ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ ഒരുക്കിയിരിക്കുന്നത്.
ലാന്‍ഡ് റോവറിനെ ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഏറ്റെടുത്തെങ്കിലും ഇപ്പോഴും പൂര്‍ണമായും വിദേശത്താണ് നിര്‍മാണം. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡറിനുള്ളത്. 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഇതിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 83 ലക്ഷം രൂപ മുതല്‍ 1.12 കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. നടന് പൃഥ്വിരാജും ലാന്‍ഡ് റോവര്‍ വാഹനം നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫിന്റെ ഇരട്ടക്കണ്ണന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്, അമേരിക്കന്‍ യൂട്ടിലിറ്റി വാഹ നിര്‍മ്മാതാക്കളായ ജീപ്പിന്റെ റാന്‍ഗ്ലര്‍ എസ്യുവി, പോര്‍ഷെ കയാന്‍ എസ്യുവി, ബിഎംഡബ്ള്യു എം6 ഗ്രാന്‍ കൂപെ, ഓഡി എ7 സ്പോര്‍ട്ട്ബാക്ക്, മിനി കൂപ്പര്‍ എസ് എന്നിവയെല്ലാമാണ് ജോജുവിന്റെ വാഹന ശേഖരത്തിലുള്ളത്. ഇതില്‍ റാന്‍ഗ്ലര്‍ എസ്യുവി ഒഴികെയുള്ളവ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളാണ്.