പ്രശസ്ത നാടക സംവിധായകനും നടനുമായ കെ എൽ ആൻറണി (70) കൊച്ചിയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. മഹേഷിന്റെ പ്രതികാരം സിനിമയിൽ ഫഹദ് ഫാസിലിന്റെ പിതാവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അടിയന്തരാവസ്ഥാ കാലത്ത് രാജന് സംഭവത്തെ അടിസ്ഥാനമാക്കി കെ എല്‍ ആന്റണി എഴുതിയ ‘ഇരുട്ടറ’ എന്ന നാടകം വിവാദമായിരുന്നു. നാടക പുസ്തകങ്ങള്‍ മറ്റ് പ്രസാധകര് പ്രസിദ്ധീകരിക്കാത്തതിനാല്‍ സ്വന്തമായി നാടക ഗ്രന്ഥങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച ഇദ്ദേഹം, പുസ്തകങ്ങള്‍ കൊണ്ടു നടന്ന് വിറ്റിരുന്നു. കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്, തെരുവുഗീതം തുടങ്ങിയ നാടകങ്ങള്‍ കെ എല്‍ ആൻറണി എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചവയാണ്. 2015ൽ ഭാര്യ ലീനയോടൊപ്പം നാടകരംഗത്ത് തിരിച്ചെത്തി. അമ്മയും തൊമ്മനും എന്ന നാടകത്തിലൂടെയായിരുന്നു തിരിച്ചുവരവ്. അമ്പിളി, ലാസർ ഷൈൻ ( മാധ്യമ പ്രവർത്തകന് ), നാന്‍സി എന്നിവര്‍ മക്കളാണ്.