സിനിമ – സീരിയൽ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 4.15ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എൽ ഐ സി ജീവനക്കാരൻ ആയിരുന്നു പ്രദീപ് ഐവി ശശി ചിത്രമായ ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിൽ എത്തിയത്.
ഹാസ്യവേഷങ്ങൾ ചെയ്ത് ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കോട്ടയം പ്രദീപ്. 2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവൻ മേനോൻ ചിത്രമായ ‘വിണ്ണൈത്താണ്ടി വരുവായ’ കോട്ടയം പ്രദീപിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിൽ തൃഷയുടെ അമ്മാവന്റെ വേഷത്തിൽ ആയിരുന്നു പ്രദീപ് എത്തിയത്. തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങൾ ആയിരുന്നു.
കോട്ടയം പ്രദീപിന്റെ അവസാനം റിലീസ് ആയ ചിത്രം ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ആണ്. എഴുപതിലേറെ ചിത്രങ്ങളിൽ കോട്ടയം പ്രദീപ് അഭിനയിച്ചിട്ടുണ്ട്. പത്താം വയസിൽ എൻ എൻ പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചു. അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.