കഴിഞ്ഞദിവസം മെഗാസ്റ്റാർ മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹംഗറിയിൽ നിന്നുള്ള വീഡിയോ ആയിരുന്നു ഇത്. വീഡിയോയിൽ താടി ഇല്ലാതെ, സൺഗ്ലാസ് ധരിച്ച്, ഫോണിൽ നോക്കി നടക്കുന്ന മമ്മൂട്ടിയാണ് വീഡിയോയിൽ ഉള്ളത്. ജാക്കറ്റ് ധരിച്ച് ജാക്കറ്റിന്റെ പോക്കറ്റിൽ കൈയിട്ട് നടന്നു പോകുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാവുന്നതാണ്. ഒരു തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി ഇപ്പോൾ ഹംഗറിയിൽ എത്തിയിരിക്കുന്നത്. ഏജന്റ് എന്നു പേരുള്ള ഒരു തെലുങ്കു ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിലെ നായകവേഷം ചെയ്യുന്നത് തെലുങ്ക് സൂപ്പർ താരം നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി ആണ്.
ചിത്രത്തിൽ ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത് എന്നാണ് സൂചനകൾ. ഒരു ഹോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ഏജന്റ് എന്നാണ് റിപ്പോർട്ടുകൾ. മെഗാസ്റ്റാർ മമ്മൂട്ടി ഹംഗറിയിൽ എത്തിയപ്പോൾ ഉള്ള ചിത്രം കഴിഞ്ഞയിടെ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോയും എത്തിയത്. ഹംഗറിയുടെ തെരുവുകളിലൂടെ മമ്മൂട്ടി നടന്നു പോകുന്നതാണ് വീഡിയോയിൽ. മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയാണ് കിടിലൻ ലുക്കിലുള്ള ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
‘ഏജന്റ്’ സിനിമയിൽ മമ്മൂട്ടി കിടിലൻ ലുക്കിൽ ആയിരിക്കും പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ടുകൾ. ജേസൺ ബോൺ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യാത്ര എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഹൈദരാബാദിലെ ഷൂട്ടിംഗിനു ശേഷം ഹംഗറിയിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമ ഡൽഹി, കാശ്മീർ എന്നിവിടങ്ങളിൽ കൂടി ഷൂട്ട് ചെയ്യും. മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ പ്രതിഫലമായി ലഭിക്കുന്നത് മൂന്നരക്കോടി ആണെന്നാണ് റിപ്പോർട്ടുകൾ.