ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് നടൻ മമ്മൂട്ടി. മമ്മൂട്ടിക്ക് ഒപ്പം വ്യവസായി എം എ യൂസഫലിയും വിവാഹത്തിൽ പങ്കെടുത്തു. കോഴിക്കോട് ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് ആയിരുന്നു വിവാഹ ചടങ്ങുകൾ. മമ്മൂട്ടിക്ക് ഒപ്പം നിർമാതാവ് ആന്റോ ജോസഫും വിവാഹത്തിൽ പങ്കെടുത്തു.
നിർമാതാവ് ആന്റോ ജോസഫ് വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു. ‘ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീ കെ സുരേന്ദ്രന്റെയും ശ്രീമതി കെ ഷീബയുടെയും മകന് ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം എ യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍…’ – ആശംസകൾ കുറിച്ചു കൊണ്ടാണ് ആന്റോ ജോസഫ് ചിത്രം പങ്കുവെച്ചത്.
കോഴിക്കോട് ആശിർവാദ് ലോൺസിൽ നടന്ന വിവാഹച്ചടങ്ങിൽ പി സി ജോർജും പങ്കെടുത്തു. തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തിൽ പി സി നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു. അന്ന് യൂസഫലിക്ക് എതിരെ പി സി ജോർജ് പരാമർശം നടത്തിയിരുന്നു. എന്നാൽ, കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് എം എ യൂസഫലിയും പി സി ജോർജും ഒരുമിച്ച് എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.