ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം, ശവസംസ്കാരം എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടൻ മണികണ്ഠൻ നടത്തിയിരുന്നു. മരട് സ്വദേശിയായ അഞ്ജലിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. ആശംസകൾ അറിയിച്ച് എത്തിയ നടി സ്നേഹ ശ്രീകുമാർ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്തുവാനും കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറാനും അദ്ദേഹം തീരുമാനിച്ചുവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ മണികണ്ഠനും അഞ്ജലിയും പങ്ക് വെച്ചിരിക്കുകയാണ്.
മണികണ്ഠൻ: ഏപ്രിൽ 26ന് എന്റെ നാടായ തൃപ്പൂണിത്തുറയിൽ പൂർണത്രയീശ ക്ഷേത്രത്തിൽ താലികെട്ട്. കളിക്കോട്ട പാലസിൽ സദ്യ. വൈകുന്നേരം ഐഎംഎ ഹാളിൽ റിസപ്ഷൻ എന്നിവയാണ് പ്ലാൻ ചെയ്തത്. ആറു മാസം മുൻപ് എന്റെ വീട്ടിൽ വച്ചായിരുന്നു നിശ്ചയം. അപ്പോൾ മുതൽ ക്ഷണം തുടങ്ങി. ചെന്നൈയിൽ പോയി വിജയ് സേതുപതി, സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്, രജനി സാർ ഇവരെയൊക്കെ വിളിച്ചു. ഇവിടെ ലാലേട്ടൻ, മമ്മൂക്ക, തുടങ്ങി എല്ലാവരെയും. വിവാഹ വസ്ത്രം മാത്രമേ എടുക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളു. അവിടെ വച്ചു എല്ലാം ലോക്ക് ആയി.
ലോകം മുഴുവൻ രോഗഭീതിയിൽ ആകുമ്പോൾ ആഘോഷിക്കാനായി മാത്രം കല്യാണം മാറ്റി വയ്ക്കണ്ട എന്ന് എനിക്ക് തോന്നി. ഞാൻ ഇത് പറഞ്ഞപ്പോൾ ഇവൾ കട്ടയ്ക്ക് കൂടെ നിന്നു. എന്റെ വീട്ടുകാരോട് ഞാനും അഞ്ജലിയുടെ വീട്ടുകാരോട് അവളും സംസാരിച്ചു. നിശ്ചയിച്ച മുഹൂർത്തത്തിൽ പങ്കെടുക്കാവുന്നത്ര ആളുകളെ പങ്കെടുപ്പിച്ചു വിവാഹം നടത്താൻ തീരുമാനിച്ചു. ഇരുഭാഗത്തു നിന്നും പത്തു പേർ വീതം പങ്കെടുക്കാം എന്നു ധാരണയായി. അഞ്ജലിയുടെ വീട് മരട് ആണ്. മരടിലെയും തൃപ്പൂണിത്തുറയിലെയും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അനുവാദം വാങ്ങി.
മുണ്ടും ഷർട്ടും രാജീവേട്ടന്റെ കസിനും ‘സെക്കൻഡ് ഷോ’യുടെ ക്യാമറാമാനുമായ പപ്പു ചേട്ടൻ ആണ് എടുത്തു തന്നത്. ഞങ്ങൾ രണ്ടുപേർക്കും മേക്കപ്പ് ചെയ്തു തന്നത് റോണക്സ് എന്ന സുഹൃത്താണ്. വിഡിയോയും സ്റ്റില്ലും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും മാധ്യമങ്ങൾ അത് സാധ്യമാക്കി തന്നു. അമ്മ സംഘടന സോഷ്യൽ മീഡിയയിൽ ആശംസകൾ പോസ്റ്റ് ചെയ്തിരുന്നു. മ മ്മുക്ക, ലാലേട്ടൻ, ചാക്കോച്ചൻ, ജയസൂര്യ, ദുൽഖർ തുടങ്ങി ഒട്ടുമിക്ക സഹപ്രവർത്തകരും ആശംസകൾ അറിയിച്ചിരുന്നു. കല്യാണം കൂടാൻ മോഹിച്ച, കൂടെ വേണം എന്ന് ഞാൻ ആ ഗ്രഹിച്ച പലർക്കും അത് സാധിച്ചില്ല എന്ന ഒറ്റ കുറവേ കല്യാണത്തിൽ ഉണ്ടായിരുന്നുള്ളൂ.
അഞ്ജലി: ആഭരണങ്ങൾ ഒക്കെ എടുത്തിരുന്നു. ഏട്ടന്റെ വീട്ടുകാർ സ്വർണപ്പണിക്കാർ ആയതു കൊണ്ട് താലി ഏട്ടന്റെ ഒരു ബന്ധു ആണ് പണിഞ്ഞത്. ലോക്ക് ഡൗൺ ആയതോടെ വിവാഹം മാറ്റി വയ്ക്കാം എന്ന് മിക്കവരും നിർദേശിച്ചു. ഇത്രയും പേരെ വിളിച്ചതല്ലേ. ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നവർ ഏറെ ഉണ്ടായിരുന്നു. നടീനടന്മാരെ കാണാൻ ആഗ്രഹിച്ച ബന്ധുക്കൾ നിരാശരായി. വിവാഹ വസ്ത്രം വാങ്ങിയിരുന്നില്ല. സാരി വാങ്ങാൻ കടകൾ ഒന്നും ഇല്ലല്ലോ എന്നു പറഞ്ഞപ്പോൾ രാജീവേട്ടൻ (രാജീവ് രവി ) അവരുടെ പരിചയത്തിൽ ഉള്ള കടയിൽ നിന്ന് സാരി എടുക്കാൻ സൗകര്യം ചെയ്തു തന്നു.