ബലാത്സംഗക്കേസിലെ പ്രതിയായ നടന് വിജയ് ബാബുവിനെതിരെ താരസംഘടന അമ്മ ശക്തമായ നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് മണിയന്‍പിളള രാജു. ‘പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ടെന്നും അമ്മയിലെ ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം തങ്ങള്‍ക്കുണ്ട്’ എന്നുമായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.
തങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുണ്ടെന്ന് അമ്മ വിജയ് ബാബുവിനോട് പറഞ്ഞിരുന്നു. ഒന്നില്ലെങ്കില്‍ സംഘടനയായി സസ്പെന്‍ഡ് ചെയ്യണം, അല്ലെങ്കില്‍ അയാളായിട്ട് മാറി നില്‍ക്കണം. എന്താണ് പറയാനുള്ളതെന്ന് വിജയ് ബാബുവിനോട് ചോദിച്ചിരുന്നു. ഒരു അംഗത്തിനോട് നമ്മള് ചോദിക്കണമല്ലോ. അദ്ദേഹം വല്ലാത്തൊരു ജംഗ്ഷനില്‍ നില്‍ക്കുയാണല്ലോ? താനൊരു ചീത്തപ്പേരുണ്ടാക്കില്ലെന്നും തത്ക്കാലം മാറിനില്‍ക്കാമെന്നുമാണ് അറിയിച്ചത്. കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെന്ന നിലയില്‍ ക്ലീന്‍ ചിറ്റ് കിട്ടിയാല്‍ തിരികെ വരാമെന്നും പറഞ്ഞു. ഇത് എല്ലാവര്ക്കും സമ്മതമായിരുന്നു. ഐക്യകണ്ഠേനയുള്ള തീരുമാനമായിരുന്നുവെന്നും അതാണ് അതിന്റെ രീതിയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
മാല പാര്‍വതിക്ക് എന്തും ചെയ്യാം. അത് അവരുടെ ഇഷ്ടമാണ്. ഐ.സി അംഗങ്ങളില്‍ ബാക്കി എല്ലാവരും അമ്മയുടെ തീരുമാനത്തിനൊപ്പം നിന്നു. തെറ്റുകാരെങ്കില്‍ ശിക്ഷിക്കാം. തങ്ങളുടെ കൂടെയും വക്കീലുമാരുണ്ടായിരുന്നുവെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.