കോമഡി റോളുകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ തമിഴ് താരം മനോബാല അന്തരിച്ചു. ലിവർ സംബന്ധമായ അസുഖങ്ങളെ തുടർന്ന് താരം അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഒരു അഭിനേതാവ് എന്നതിനേക്കാളുപരി സംവിധായകനായും നിർമ്മാതാവായുമെല്ലാം അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും അദ്ദേഹം സുപരിചിതനാണ്.
ഭാരതിരാജയുടെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ പുതിയ വാർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ആ ചിത്രത്തിൽ തന്നെ അസിസ്റ്റൻറ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുന്നൂറ്റമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മനോബാല കൂടുതലായും കോമഡി റോളുകളിലാണ് തിളങ്ങിയിട്ടുള്ളത്. തമിഴിനും മലയാളത്തിനും പുറമേ തെലുങ്കിലും നിരവധി ബഹുഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ സീരിയലുകളിലും അദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു.
കാർത്തിക്, സുഹാസിനി എന്നിവർ ഒന്നിച്ച 1982ൽ പുറത്തിറങ്ങിയ അഗയ ഗംഗൈ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും അദ്ദേഹം കടന്നു വന്നു. ശിവാജി ഗണേശൻ, രജനീകാന്ത്, വിജയകാന്ത്, പ്രഭു, ജയറാം, റഹ്മാൻ തുടങ്ങിയവരെ എല്ലാം നായകരാക്കി അദ്ദേഹം ചിത്രങ്ങൾ സംവിധാനം നിർവഹിച്ചിട്ടുണ്ട്. തമിഴിന് പുറമേ കന്നഡയിലും ഹിന്ദിയിലും അദ്ദേഹം ചിത്രങ്ങൾ സംവിധാനം നിർവഹിച്ചിട്ടുണ്ട്. മൂന്ന് സീരിയലുകളും സംവിധാനം ചെയ്തിട്ടുള്ള മനോബാല സതുരംഗ വേട്ടൈ, പാമ്പു സട്ടൈ, സതുരംഗ വേട്ടൈ 2 തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്.