എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടൻ മോഹൻലാലും സംവിധായകൻ ജോഷിയും ഒരുമിക്കുന്നു. റമ്പാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ജോസ് ആണ്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തത്. ചിത്രത്തിൽ മാസ് ലുക്കിലാണ് മോഹൻലാൽ എത്തുകയെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തം. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് റമ്പാൻ. മൂന്ന് മാസം മുന്‍പാണ് മോഹൻലാൽ തന്റെ മനസിലേക്ക് വന്നതെന്നും ആ സമയത്ത് തിരക്കഥ പൂര്‍ത്തിയായിരുന്നില്ലെന്നും ലാലേട്ടനോട് പറഞ്ഞിട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാല്‍ ആ രീതിയില്‍ ഡെവലപ്പ് ചെയ്യാമെന്നാണ് ആലോചിച്ചതെന്നും ചെമ്പൻ പറഞ്ഞു. പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും ടൈറ്റിൽ ലോഞ്ച് വേദിയിൽ ചെമ്പൻ പറഞ്ഞു.
മോഹൻലാൽ അല്ല ആന്റണി പെരുമ്പാവൂർ ആണ് ലാലേട്ടനോട് സംസാരിച്ചതിനു ശേഷം സിനിമ ചെയ്യാമെന്ന് പറഞ്ഞതെന്നും ചെമ്പൻ വ്യക്തമാക്കി. ചെറുപ്പക്കാലത്ത് നാട്ടിൽ അത്യാവശ്യം തരികിടകളുമൊക്കെയായി നടന്ന് വലുതായപ്പോൾ നന്നായ ഒരാളുടെ കഥയാണെന്നാണ് സിനിമയെക്കുറിച്ചും മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചും ചെമ്പൻ പറഞ്ഞത്. അതുപോലെ ഒരു മകളുമുണ്ട്. അതാണ് സിനിമയെന്നും അത്രയേ ഇപ്പോൾ പറയാൻ പറ്റുകയുള്ളൂവെന്നും ചെമ്പൻ പറഞ്ഞു.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റീൻ മീഡിയ, നെക്ക് സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റീൻ സാക് പോൾ, ശൈലേഷ് ആർ സിങ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ മുടക്കുമുതലിൽ ഒരുക്കുന്ന ഒരു പാൻ ഇൻഡ്യൻ ചിത്രമായിരിക്കുമിത്. മലയാളത്തിന് പുറമെ ബോളിവുഡിലെയും വിദേശങ്ങളിലെയും അഭിനേതാക്കൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ബഹുഭൂരിപക്ഷവും അമേരിക്കയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കുറച്ചു ഭാഗങ്ങൾ കേരളത്തിലുമുണ്ട്.