വടക്കാഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ ആറു ജീവനുകളാണ് പൊലിഞ്ഞത്. കൂട്ടുകാരുടെ നൊമ്പരപ്പെടുത്തുന്ന ഓർമകളുമായി അപകടത്തിന് സാക്ഷികളായ വിദ്യാർത്ഥികൾ കഴിഞ്ഞദിവസം സ്കൂളിൽ എത്തി തുടങ്ങി. പത്താം ക്ലാസ് വിദ്യാർത്ഥികൾ ആയിരുന്ന ക്രിസ് വിന്റർബോൺ തോമസ്, ദിയ രാജേഷ്, എൽന ജോസ് എന്നിവരും പന്ത്രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന അഞ്ജന അജിത്ത്, സി.എസ്. ഇമ്മാനുവൽ എന്നിവരുമാണ് മരിച്ച വിദ്യാർത്ഥികൾ.
അപകടത്തിൽ മരിച്ച ഇമ്മാനുവേലിന്റെ പിതാവിനെ നടൻ മോഹൻലാൽ നേരിട്ട് ഫോണിൽ വിളിച്ചു. ഇമ്മാനുവേലിന്റെ അച്ഛൻ സന്തോഷിനെ കഴിഞ്ഞദിവസമാണ് മോഹൻലാൽ ഫോണിൽ വിളിച്ചത്. ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ അംഗമാണ് സന്തോഷ്. ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേൻ സംസ്ഥാന കമ്മിറ്റിയാണ് മോഹൻലാലിനെ ഇക്കാര്യം അറിയിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ മോഹൻലാൽ ഇമ്മാനുവേലിന്റെ അച്ഛനെ വിളിക്കുകയായിരുന്നു. മകന്റെ പെട്ടെന്നുള്ള മരണം ഉൾക്കൊള്ളാൻ കഴിയാതെ തകർന്നുപോയ ഇമ്മാനുവേലിന്റെ അച്ഛനെ മോഹൻലാൽ ആശ്വസിപ്പിച്ചു.
ജീവിതത്തിലെ സങ്കടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന തന്റെ ആരാധകനെ വിളിച്ച് മോഹൻലാൽ സംസാരിക്കാൻ കാണിച്ച മനസ് ആരാധകരെയും കീഴടക്കി. നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ സമയോചിതമായ ഇടപെടലിന് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തിയത്.