ആലപ്പുഴ: ശുദ്ധജലക്ഷാമം രൂക്ഷമായ കുട്ടനാട്ടുകാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ഇ വൈ ജി ഡി എസും ചേർന്നാണ് വാട്ടർ പ്ലാന്റ് സ്ഥാപിച്ചത്. ഏതായാലും ഈ വാട്ടർ പ്ലാന്റ് വരുന്നതോടെ എടത്വ ഒന്നാം വാർഡിലെ നൂറു കണക്കിന് വരുന്ന നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.
വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവിയാണ് കുടിവെള്ള പ്ലാന്റ് പരിസ്ഥിതി ദിനത്തിൽ കുട്ടനാട്ടിലെ ജനങ്ങൾക്ക് സമർപ്പിച്ചത്. ഈ കുടിവെള്ള പ്ലാന്റിലൂടെ പ്രതിമാസം ഒമ്പതു ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ കഴിയും. ഇതിൽ നിന്നും കുടിവെള്ളം എടുക്കാൻ ഗുണഭോക്താക്കൾക്ക് ഒരു ഇലക്ട്രോണിക് കാർഡ് നൽകിയിട്ടുണ്ട്. ഈ കാർഡ് ഉപയോഗിച്ച് ആവശ്യമായ കുടിവെള്ളം പ്ലാന്റിൽ നിന്ന് ഗുണഭോക്താക്കൾക്ക് സൗജന്യമായി എടുക്കാം.
പൂർണമായും സൗരോർജത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്രകൃതി സൗഹാർദമായാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്. കുട്ടനാട്ടിലെ ജലത്തില്‍ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് കാല്‍സ്യം ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ പ്ലാന്റ് നീക്കം ചെയ്യും. പ്രദേശത്തെ 300 ഓളം കുടുംബങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവര്‍ പ്ലാന്റിന്റെ ഗുണഭോക്താക്കളാകും.