തിരക്കുകളിൽ നിന്ന് തൽക്കാലത്തേക്ക് ഒരു ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് മോഹൻലാൽ. ഭാര്യ സുചിത്രയുമൊത്ത് ജപ്പാനിലാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ മോഹൻലാൽ തന്നെ പങ്കുവെച്ച ചിത്രത്തിൽ നിന്നാണ് താരം ഇപ്പോൾ ജപ്പാനിലാണെന്ന് ആരാധകർ അറിഞ്ഞത്. ചെറിപ്പൂക്കൾക്ക് ഇടയിൽ ഭാര്യ സുചിത്രയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു.
ചെറിപ്പൂക്കൾക്ക് കീഴിൽ ജീവിച്ചിരിക്കുന്നത് എന്തൊരു വൈചിത്ര്യമാണ് എന്ന കോബയാഷി ഇസ്സയുടെ വരികൾ കുറിച്ചാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ജപ്പാനിലെ അമോരിയിലെ ഹിരോഷിമ പാർക്കിൽ നിന്നുള്ളതാണ് ചിത്രം. നിരവധി പേരാണ് മോഹൻലാൽ പങ്കുവെച്ച ചിത്രത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മാലൈക്കോട്ടെ വാലിബൻ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷമാണ് അവധി ആഘോഷിക്കാൻ മോഹൻലാൽ ജപ്പാനിലേക്ക് പോയത്. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാൻ ഏറെ നാളായി തനിക്ക് കഴിയുന്നില്ലെന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മോഹൻലാൽ പറഞ്ഞിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമാണ് മോഹൻലാലിന്റെ യാത്ര.