വിവാദ പ്രസ്താവനകളിലൂടെ മിക്കപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള നടനാണ് നന്ദമുരി ബാലകൃഷ്ണ. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ലോകപ്രശസ്ത സംവിധായകനായ ജെയിംസ് കാമറൂണിന്റെ സിനിമയെക്കുറിച്ച് നന്ദമുരി ബാലകൃഷ്ണ നടത്തിയ അഭിപ്രായങ്ങളാണ്. എന്നാൽ, ഇതിന് സംവിധായകൻ രാജമൗലി ചുട്ട മറുപടിയും നൽകിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ സോഷ്യൽ വൈറലായിരിക്കുന്നത്.
ലോകസിനിമ കണ്ട വിസ്മയങ്ങളിൽ ഒന്നായിരുന്നു ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ. അവതാർ റിലീസ് ചെയ്ത് 11 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. രണ്ടാം ഭാഗം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ജെയിംസ് കാമറൂൺ. എന്നാൽ, ലോക സിനിമാപ്രേമികൾ ഏറ്റെടുത്ത അവതാർ സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കുകയാണ് തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ.
‘Unstoppable With NBK’ എന്ന ചാറ്റ്ഷോയിൽ സംവിധായകൻ രാജമൗലി അതിഥിയായി എത്തിയപ്പോഴാണ് നന്ദമുരി ഇങ്ങനെ പറഞ്ഞത്. തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമയാണ് അവതാർ എന്നും കണ്ടു തുടങ്ങിയപ്പോൾ തന്നെ തനിക്ക് മടുത്തു തുടങ്ങിയെന്നും നന്ദമുരി പറഞ്ഞു. എന്നാൽ, നന്ദമുരിയുടെ ഈ പരാമർശത്തിന് കുറിക്ക് കൊള്ളുന്ന നടപടിയാണ് ബാഹുബലി നൽകിയത്. നിങ്ങളുടെ ജനറേഷന് അവതാർ പോലുള്ള സിനിമകൾ ആസ്വദിക്കാൻ കഴിയില്ലെന്നും തങ്ങളുടെ ജനറേഷൻ വളരെ ആസ്വദിച്ച് കണ്ട സിനിമയാണ് അവതാർ എന്നുമായിരുന്നു രാജമൗലിയുടെ മറുപടി. അതേസമയം, ‘നമ്മൾ ഒരുമിച്ച് എന്താണ് ഒരു സിനിമ ചെയ്യാത്തത്’ എന്ന നന്ദമുരിയുടെ ചോദ്യത്തിന് ‘പേടി കൊണ്ടാണ്’ എന്നായിരുന്നു രാജമൗലിയുടെ മറുപടി.