താരപുത്രൻ ആയതിനാൽ സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ മാധ്യമശ്രദ്ധ കിട്ടിയ താരമാണ് പ്രണവ് മോഹൻലാൽ. എല്ലാക്കാലത്തും മാധ്യമങ്ങളിൽ നിന്ന് അകന്നു നടക്കാനാണ് പ്രണവ് ആഗ്രഹിച്ചത്. യാത്രകളും വായനയും ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് സിനിമയിൽ എത്തുന്നതിനു മുമ്പു തന്നെ യാത്രകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതും. താരപുത്രൻ എന്ന ലേബലിലാണ് തുടക്കത്തിൽ പ്രണവ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് തന്റേതായ രീതിയകൾ പിന്തുടരുന്ന പ്രണവിനെ ആരാധകർ തന്നെ നെഞ്ചേറ്റുകയായിരുന്നു. പലരും യാത്രയ്ക്കിടയിൽ പ്രണവിനെ കണ്ടുമുട്ടിയ കഥകൾ പങ്കുവെച്ചു.
ലളിതമായ ജീവിതരീതിയാണ് പ്രണവ് തന്റെ യാത്രയിലും ജീവിതത്തിലും പിന്തുടരുന്നത്. അതുകൊണ്ടു തന്നെ നടന്റെ യാത്രരീതികളും ജിവിത രീതികളും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ആദ്യം സിനിമ സംബന്ധമായ കാര്യങ്ങൾ മാത്രം പങ്കുവെച്ചിരുന്ന പ്രണവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാത്രാചിത്രങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. ഏറ്റവും അവസാനമായി പങ്കുവെച്ചിരിക്കുന്ന ചിത്രം ആംസ്റ്റർഡാമിൽ നിന്നുള്ളതാണ്. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘കറങ്ങി നടന്ന് ബോറടിക്കുമ്പോൾ നാട്ടിൽ വന്ന് ഒരു പടത്തിൽ അഭിനയിച്ചിട്ട് അത് റിലീസ് ആവുമ്പോഴേക്കും ഹിമാലയത്തിൽ എത്തും’, ‘അക്കൗണ്ട് ആരേലും ഹാക്ക് ചെയ്തതാണോ സ്വന്തം ഫോട്ടോ ഇട്ടേക്കുന്നു’, ‘റിയൽ ലൈഫ് ചാർളി’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് പ്രണവ് മോഹൻലാലിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ നായികമാർ ആയി എത്തിയത്. ജനുവരി 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം സ്വന്തമാക്കി. കഴിഞ്ഞയിടെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് പല പ്രധാന ചിത്രങ്ങളും റിലീസ് മാറ്റിയപ്പോൾ പറഞ്ഞ ദിവസം തന്നെ ഹൃദയം തിയറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു.
View this post on Instagram