കലാഭവൻ ഷാജോൺ ഒരുക്കിയ ബ്രദേഴ്സ് ഡേയിലൂടെ മലയാളത്തിലേക്കുള്ള തന്റെ വരവ് ഗംഭീരമാക്കിയിരിക്കുകയാണ് നടൻ പ്രസന്ന. മലയാളികളെ എന്നും ഞെട്ടിച്ചിട്ടുള്ള പൃഥ്വിരാജിന്റെ ഇംഗ്ലീഷും കലാഭവൻ ഷാജോണിന്റെ ‘ഇതൊക്കെ ചെറുത്’ എന്ന മട്ടിലുള്ള ഇരിപ്പും കണ്ട് അന്തം വിട്ട സംഭവം ഓർത്തെടുത്തിരിക്കുകയാണ് പ്രസന്ന. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പങ്ക് വെച്ചത്.
മലയാളത്തിൽ നിന്നു മൂന്നുനാലു തവണ അവസരം വന്നെങ്കിലും അപ്പോഴെല്ലാം തമിഴിലെ തിരക്ക് കാരണം ഓഫർ സ്വീകരിക്കാനായില്ല. ‘നേര’ത്തിന്റെ സ്ക്രിപ്റ്റുമായി അൽഫോൻസ് പുത്രൻ വന്നിരുന്നു, പക്ഷേ, അന്ന് അൽഫോൻസിന് പ്രൊഡ്യൂസറെ കിട്ടിയിരുന്നില്ല. നടൻ നരേൻ അടുത്ത സുഹൃത്താണ്. അദ്ദേഹവുമായി സംസാരിച്ചും കുറേ മലയാളം പഠിച്ചു. തെലുങ്കും സംസാരിക്കാനറിയാം, ഹിന്ദിയാണ് ഒരു രക്ഷയുമില്ലാത്തത്.’
എന്നെ അദ്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലിഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഖത്തറിൽ നടന്ന പ്രമോഷൻ പരിപാടിയിൽ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നുപോയി. ഇതിന്റെ ഏറ്റവും ബെസ്റ്റ് എൻകാപ്സുലേഷൻ (സാരാംശം) എന്നൊക്കെ പറഞ്ഞു തകർത്തു പ്രസംഗിക്കുകയാണ് രാജു. ഞാൻ അന്തംവിട്ട് സംവിധായകൻ ഷാജോണിന്റെ മുഖത്തു നോക്കിയപ്പോൾ ‘ഇതൊക്കെ ചെറുത്’ എന്ന മട്ടിൽ പ്രത്യേക ഭാവത്തിൽ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ, ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലിഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്.’