നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ‘കടുവ’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കടുവയെക്കുറിച്ച് സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് ജിനു എബ്രഹാമും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രമായ കാപ്പയെക്കുറിച്ചാണ് ജിനു എബ്രഹാം തുറന്നുപറഞ്ഞത്.
കാപ്പ സിനിമ ഒരു ഡാർക് മാസ് ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ആദ്യഘട്ടത്തിൽ സംവിധായകൻ വേണു ആയിരുന്നു കാപ്പ സംവിധാനം ചെയ്യാൻ ഇരുന്നത്. എന്നാൽ, പിന്നീട് വേണു ഇതിൽ നിന്ന് പിൻമാറുകയും പകരം ഷാജി കൈലാസ് ചിത്രത്തിന്റെ സംവിധായകൻ ആകുകയും ചെയ്യുകയായിരുന്നു. കാപ്പ ഒരു ഡാർക് മാസ് ചിത്രമായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷാജി കൈലാസ്.
അതേസമയം, അത്യാവശ്യം നല്ല രീതിയിൽ തന്നെ മാസ് ഉള്ള ഒരു ചിത്രമായിരിക്കും കാപ്പയെന്ന് ജിനു പറഞ്ഞു. ഒരു ഗംഭീരമാസാണ്. കൊട്ട മധു എന്നാണ് അതിൽ പൃഥ്വിരാജിന്റെ കാരക്ടറിന്റെ പേര്. തിരുവനന്തപുരത്തെ ഒരു ഗാങ്സ്റ്റർ ആണ്. ഒരു ഗാങ് ലീഡറാണ് കൊട്ട മധു. അതിൽ പൃഥ്വി പൊളിയാണ്. ഗണപതിക്കുറിയൊക്കെ ഇട്ട് നടക്കുന്ന ഒരു ഗംഭീര ഗാങ്സ്റ്റർ ആണ്. കാപ്പ ഒറ്റ പാർട്ടിൽ നിൽക്കുന്ന ചിത്രമായിരിക്കില്ലെന്നും അതിന് നാച്വറലി ഒരു സീക്വൽ ഉണ്ടെന്നും ജിനു എബ്രഹാം പറഞ്ഞു. പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരാണ് കാപ്പയിലെ കേന്ദ്രകഥാപാത്രങ്ങൾ. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് കാപ്പ നിർമ്മിക്കുന്നത്.