അമിതാഭ് ബച്ചനോ ഷാരൂഖ് ഖാനോ തനിക്കോ സാധിക്കാത്തത് നന്ദമൂരി ബാലകൃഷ്ണയ്ക്ക് സാധിക്കുമെന്ന് നടന് രജനീകാന്ത്. ബാലയ്യയുടെ ഒരു നോട്ടം കൊണ്ട് എല്ലാം തകര്‍ക്കപ്പെടുമെന്നും അങ്ങനെയുള്ള കാര്യങ്ങള്‍ തങ്ങള്‍ സിനിമയില്‍ ചെയ്താല്‍ ആരും അംഗീകരിക്കില്ലെന്നും രജനീകാന്ത് പറഞ്ഞു. ബാലകൃഷ്ണയുടെ പിതാവും നടനും ആന്ധ്രാ മുന്‍ മുഖ്യമന്ത്രിയുമായ നന്ദമൂരി താരക രാമ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിലാണ് രജനീകാന്ത് ഇക്കാര്യം പറഞ്ഞത്.
‘എന്റെ സുഹൃത്തായ ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകര്‍ക്കാന്‍. ഒരു ചെറിയ കണ്ണിറുക്കല്‍ കൊണ്ട് വാഹനം പൊട്ടിത്തെറിപ്പിക്കാനും അത് മുപ്പതടി ഉയരത്തിലേക്ക് പറപ്പിക്കാനും അദ്ദേഹത്തിന് സാധിക്കും. അത് രജനീകാന്ത്, അമിതാഭ്, ഷാരൂഖ് ഖാന് ഇവര്‍ ആരേക്കൊണ്ടും സാധ്യമായ കാര്യമല്ല. അങ്ങനെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്താലും ആരും അംഗീകരിക്കില്ല’, രജനീകാന്ത് പറയുന്നു.
തെലുങ്ക് പ്രേക്ഷകര്‍ എന്‍ടിആറിനെയാണ് ബാലയ്യയില്‍ കാണുന്നത്. അദ്ദേഹം നല്ലൊരു ഹൃദയത്തിന് ഉടമയാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും രജനീകാന്ത് പറഞ്ഞു.