ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ മഹേഷ് നാരായണന് ചിത്രം മാലിക് മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ച കഥാപാത്രമായിരുന്നു സിനിമയില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ഡേവിഡിന്റെ മകന് ആയി എത്തിയ ഫ്രെഡി എന്ന കഥാപാത്രത്തിന്റേത്.
സിനിമയുടെ ആരംഭഘട്ടത്തില്‍ കാണുന്ന കഥാപാത്രമല്ല സിനിമയുടെ അവസാനം എത്തുമ്പോള്‍. പലതലങ്ങളില്‍ കൂടി കടന്നുപോകുന്ന ഫ്രെഡിയെയാണ് പ്രേക്ഷകര്‍ കാണുന്നത്. ഫ്രെഡിയായി മാലിക്കില്‍ എത്തിയത് സനല്‍ അമന് എന്ന നടനാണ്. മുഖ്യധാരാ സിനിമാ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമായൊരു മുഖം ആയിരുന്നില്ല സനലിന്റേത്. എന്നാല്‍ ഫഹദ് ഫാസിലിനൊപ്പം കട്ടക്ക് പിടിച്ച് നില്ക്കുന്ന പ്രകടനമായിരുന്നു സനല്‍ ചിത്രത്തില്‍ നടത്തിയത്.
പലരുടെയും കയ്യിലെ കളിപ്പന്തായി ജീവിതം കൈവിട്ടുപോകുന്ന ഫ്രെഡി എന്ന പതിനേഴുകാരനെ സനല്‍ അമന് എന്ന നടന് അനശ്വരമാക്കി. യൗവനത്തിന്റെ പാതിവഴിയില്‍ നിന്നും ക്ഷുഭിതനായ കൗമാരക്കാരനിലേക്ക് മടങ്ങിപ്പോയ കഥ പറയുകയാണ് സനല്‍ അമന്.
‘മഹേഷേട്ടനാണ് (മഹേഷ് നാരായണന്) ഈ സിനിമയിലേക്കു എന്നെ വിളിച്ചത്. 2016-ല്‍ ‘ദ് ലവര്’ എന്ന ഒരു നാടകം സംവിധാനം ചെയ്തു അഭിനയിച്ചിരുന്നു. ശാന്തി ബാലചന്ദ്രന് ആണ് നായികയായി അഭിനയിച്ചത്. മഹേഷേട്ടന് അത് കാണാന്‍ വന്നിരുന്നു. അദ്ദേഹത്തിന് ഷോ ഇഷ്ടപ്പെട്ടു, എന്നെ അഭിനന്ദിച്ചിട്ടാണ് പോയത്. പിന്നീട് 2019 -ല്‍ അദ്ദേഹം എന്നെ വിളിച്ചു കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞു. അവിടെ വച്ച് മാലിക്കിന്റെ മുഴുവന്‍ കഥ എന്നോട് പറഞ്ഞു. കഥാപാത്രത്തെക്കുറിച്ച് മനസ്സിലാക്കിയ എനിക്ക് അത് ഏറ്റെടുക്കാന്‍ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല, കാരണം ആ സമയത്ത് എനിക്ക് 34 വയസ്സ് ആയിരുന്നു. പക്ഷേ എനിക്കില്ലാത്ത വിശ്വാസം എന്നില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് ‘അതൊന്നും കുഴപ്പമില്ല നീ തടി ഒന്ന് കുറച്ചാല്‍ മതി’ എന്നാണ്. മഹേഷേട്ടന്റെ ഉറപ്പിലാണ് ആ റോള്‍ ഏറ്റെടുത്തത്. എനിക്ക് കിട്ടിയ അവസരം എത്രത്തോളം വലുതാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അദ്ദേഹം എന്നെത്തന്നെ തിരഞ്ഞെടുത്തത് വലിയ ഒരു ഭാഗ്യമായാണ് ഇപ്പോള്‍ തോന്നുന്നത്.’-സനല്‍ പറയുന്നു.
‘തിരുവനന്തപുരത്ത് ഒരു യോഗ സെന്ററില്‍ യോഗയ്ക്ക് ചേര്‍ന്ന സമയത്താണ് മാലിക്കില്‍ കരാര്‍ ഒപ്പിടുന്നത്. ഈ സിനിമ എന്ന ലക്ഷ്യം മനസ്സില്‍ വന്നപ്പോള്‍ ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ ഡയറ്റും യോഗയും ചെയ്തു തുടങ്ങി. ഒരു മാസത്തെ ട്രെയിനിങ് കഴിഞ്ഞപ്പോള്‍ ചെറുപ്പത്തിലേക്ക് തിരിച്ചുപോയിത്തുടങ്ങിയിരുന്നു. മഹേഷേട്ടന് ഇടയ്ക്കിടെ എന്നെ വിളിച്ച് ‘സനലേ കുട്ടിത്തം പോകുന്നു’ എന്നൊക്കെ പറയും. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ വീണ്ടും പരിശ്രമിക്കും അങ്ങനെയാണ് ഞാന്‍ ഒരു 17 കാരനായി മാറിയത്.’
സ്കൂള്‍ പഠനം കാലം മുതലെ നാടകമായിരുന്നു സനല്‍ അമന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം. തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും ചേര്‍ന്ന് പഠിക്കുമ്പോഴും നാടകം തന്നെയായിരുന്നു മനസ്സ് മുഴുവന്‍. ബിരിയാണി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സജിന്‍ ബാബു എന്ന സംവിധായകന്റെ ആദ്യ ചിത്രമായ അസ്തമയം വരെ എന്ന സിനിമയിലൂടെയാണ് സനല്‍ അമന് സിനിമയിലേക്ക് എത്തുന്നത്. ഓഡിഷനിലൂടെയാണ് സനല്‍ അസ്തമയം വരെ എന്ന ചിത്രത്തില്‍ എത്തിയത്.
നിരവധി ഫിലിം ഫെസ്റ്റിവെലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ സനല്‍ അമന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ഏലി ഏലി ലമാ സബക്തനി, റോസാപ്പൂക്കളം, ഡോണ്ട് വൈപ് യുവര്‍ ടിയേഴ്സ് വിത് മൈ പിയാനോ തുടങ്ങിയ ചിത്രങ്ങളിലും നടന് തുടര്‍ന്ന് അഭിനയിച്ചു. നടി ശാന്തി ബാലചന്ദ്രനുമൊത്ത് രണ്ടായിരത്തി പതിനാറില്‍ സനല്‍ അമന് ഒരു നാടകം ചെയ്തിരുന്നു. കൊച്ചിയില്‍ ആയിരുന്നു അവതരണം. ആ നാടകം കാണാന്‍ സംവിധായകന് മഹേഷ് നാരായണനും ഉണ്ടായിരുന്നു. അങ്ങനെയാണ് സംവിധായകന് തന്റെ അടുത്ത ചിത്രത്തിലേക്ക് സനലിനെ ക്ഷണിക്കുന്നത്.