സംസ്ഥാനത്ത് സിൽവർ ലൈൻ വന്നില്ലെങ്കിൽ ആരും ചത്തു പോകില്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് ആയിരിക്കണം പ്രാധാന്യമെന്നും അത് കഴിഞ്ഞിട്ട് വേണം സിൽവർ ലൈൻ പദ്ധതിയെന്നും ശ്രീനിവാസൻ പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കവേയാണ് ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞത്.
കടുത്ത വിമർശനമാണ് സിൽവർ ലൈൻ പദ്ധതിക്ക് എതിരെ നടൻ ശ്രീനിവാസൻ നടത്തിയത്. ഇത്രയും ബജറ്റുള്ള ഒരു പ്രൊജക്ട് കേരളത്തിൽ ചെയ്യുമ്പോൾ അതിനേക്കാൾ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോയെന്നും ശ്രീനിവാസൻ ചോദിക്കുന്നു. ഇവിടെ നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തിൽ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാർപ്പിടം ശരിയാക്കിയോ എന്നും ശ്രീനിവാസൻ ചോദിക്കുന്നു.
അതിവേഗത്തിൽ ഓടുന്നതിനു മുമ്പ് ഇതൊക്കെ ശരിയാക്കണം. 126000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. അതിൽ 25000 കോടിയുടെ അഴിമതിയുണ്ട് എന്നാണ് പറയുന്നത്. കടമെടുത്താൽ മാത്രമേ ഇത്രയും തുക കിട്ടുകയുള്ളൂ. ബാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്ക് പിന്നീട് പണം കിട്ടാതാകുമെന്നും ശ്രീനിവാസൻ പറഞ്ഞു. വേഗത്തിലോടുന്ന ട്രയിൻ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിച്ചിട്ട് മതി. റെയിൽ വരാത്തതു കൊണ്ട് ആരും ചത്തു പോകില്ല. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിൽ വലിയ തുക കൊടുത്ത് സഞ്ചരിക്കാൻ കഴിയുകയുള്ളൂവെന്നും ശ്രീനിവാസൻ പറഞ്ഞു.