നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില പുരോഗതി പ്രാപിച്ചു. നോർമലായി ശ്വസിക്കുവാൻ കഴിയുന്നത് കൊണ്ട് ഓക്സിജൻ ട്യൂബ് മാറ്റി. 24 മണിക്കൂർ ഒബ്സർവേഷനിൽ തുടരും. സംവിധായകൻ സ്റ്റാജനാണ് ഇക്കാര്യം അറിയിച്ചത്.
‘ശ്രീനിച്ചേട്ടനു നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്സിജന്‍ ട്യൂബ് മാറ്റി. 24 മണിക്കൂര്‍ ഒബ്സര്‍വഷന്‍ തുടരും. ശ്രീനിച്ചേട്ടന് ഇന്ന് വിമലടീച്ചറോടും ഞങ്ങളോടും സംസാരിച്ചു, തമാശകള്‍ പറഞ്ഞു. ഇന്ന് വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടര്‍മാരോട് പോകാന്‍ തിരക്ക് കൂട്ടുന്നുമുണ്ട്. അവരും നഴ്സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു സമാശ്വസിപ്പിക്കുന്നുമുണ്ട്. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. കൂടെനിന്ന എല്ലാവര്ക്കും നന്ദി.’ സ്റ്റാജന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ 9.30തോടെയാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പാലാരിവട്ടത്തെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി എത്തിയതായിരുന്നു ശ്രീനിവാസന്. എന്നാല്‍ കാറില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ആവാത്ത വിധം ശ്രീനിവാസന് അവശനായി. ശ്വാസതടസ്സവും നെഞ്ചുവേദനയും ആയിരുന്നു കാരണം. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ വെന്റിലേറ്ററിന്റെ സഹായത്തോടു കൂടിയാണ് ശ്വാസഗതി സാധാരണനിലയിലാക്കിയത്.