ഒന്നുകൂടി രുചിക്കാൻ കൊതിച്ച മധുരപലഹാരം ഒരു പെട്ടി നിറയെ ലഭിച്ച സന്തോഷത്തിലാണ് നടൻ ഷമ്മി തിലകൻ. താരത്തിന് ആ സമ്മാനം എത്തിച്ച് നൽകിയതാകട്ടെ നടൻ സുരേഷ് ഗോപിയും. സിനിമയുടെയും പൊതുപ്രവർത്തനത്തിന്റെയും തിരക്കുകൾക്ക് ഇടയിൽ തനിക്ക് തന്ന ആ ചെറിയ വാക്ക് സുരേഷ് ഗോപി പാലിച്ചതിന്റെ സന്തോഷത്തിലാണ് ഷമ്മി തിലകൻ. ആ സന്തോഷം അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘മധുരോദാരം…, ഈ കരുതലിന് സമ്മാനം..! സദുദ്ദേശത്തോടെ, ജനാധിപത്യപരമായി, സമൂഹനന്മ ലക്ഷ്യം വച്ച്, കയ്പേറിയ ചോദ്യങ്ങള്‍ ചോദിച്ചു ചിലരെ ഉത്തരം മുട്ടിച്ചതിന്, കൊഞ്ഞനം കുത്തിക്കൊണ്ട് ലഭിച്ച പുളിച്ചുതികട്ടുന്ന വിശദീകരണ നോട്ടീസിന്, എരിവുള്ള മറുപടി തയ്യാറാക്കുന്ന വേളയില്‍ ലഭിച്ച കരുതലിന്റെ ഒരു മധുരകഥ. ഡേവിഡ് കാച്ചപ്പിള്ളി സാറിന്റെ നിര്‍മ്മാണത്തില്‍, MP-യും നടനുമായ ശ്രീ.സുരേഷ് ഗോപിയെ നായകനാക്കി, ജോഷിസര്‍ സംവിധാനം ചെയ്യുന്ന ‘പാപ്പന്’ സിനിമയുടെ ഈരാറ്റുപേട്ടയിലെ സെറ്റില്‍, 2022 ജനുവരി 13-ന് (എന്റെ പിന്നാള് ദിനം) രാത്രിയാണ് കഥ തുടങ്ങുന്നത്. സുരേഷ് ജീയും, നൈലാ ഉഷയും, ഞാനും ചേര്‍ന്നുളള ഒരു സീനാണ് ചിത്രീകരിക്കുന്നത്. രണ്ടു രാത്രികളിലായി അദ്ദേഹവുമായി ‘നേര്‍ക്കുനേര്‍’ ഉള്ള സംഘട്ടന ചിത്രീകരണം അവസാനത്തോടടുക്കുന്നു. മിടുമിടുക്കനായ ക്യാമറമാന് അജയ് ഡേവിഡിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സാങ്കേതിക വിഭാഗം അടുത്ത ഷോട്ടിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിടയില്‍ വീണുകിട്ടിയ ഇടവേള. അധ്വാനഭാരത്താലും, ഉറക്കമില്ലായ്മയാലും ഞാനുള്‍പ്പെടെയുള്ളവരെല്ലാം നന്നേ ക്ഷീണിതരായിരുണെങ്കിലും സുരേഷ് ജീ ഉന്മേഷവാനായി കാണപ്പെട്ടു..! ഞാന്‍ ചോദിച്ചു.. ”കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളില്‍, രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമല്ലേ മനുഷ്യാ നിങ്ങള്‍ ഉറങ്ങിയത്..?. രാത്രി മുഴുവന്‍ ‘പാപ്പന്’ ആയി എന്നോട് അടികൂടുന്നു..; പകല്‍ മുഴുവന്‍ ‘മൂപ്പന്’ (MP) ആയി രാജ്യഭരണവും..! ഇതെങ്ങനെ സാധിക്കുന്നു..?” തന്റെ സ്വതസിദ്ധമായ ആ ചിരി മറുപടിയായി നല്‍കിയിട്ട് അദ്ദേഹം തന്റെ സഹായിയെ ഒന്നു നോക്കി..! ഉടന്‍തന്നെ മിന്നല്‍ മുരളിയേക്കാള്‍ വേഗത്തില്‍ സഹായി ഒരു പായ്ക്കറ്റ് അദ്ദേഹത്തിന്റെ കൈയില്‍ എത്തിച്ചു.ഡല്‍ഹിയില്‍ നിന്നും വാങ്ങിയ വിശേഷപ്പെട്ട എന്തോ തരം മധുര പലഹാരമായിരുന്നു. നമ്മുടെ പ്രധാന മന്ത്രിയുടെയൊക്കെ ഇഷ്ട പലഹാരം.!
വലുപ്പചെറുപ്പമില്ലാതെ ആ ഒരു പെട്ടി സ്വീറ്റ്സ് അദ്ദേഹം എല്ലാവര്ക്കും പങ്കുവച്ചു. എനിക്ക് രണ്ടു മൂന്നെണ്ണം നല്കിയതില്നിന്നും ഒരെണ്ണം ഞാന്‍ എടുത്തു..! ‘മധുരം’ പണ്ടേ അത്ര ‘താല്പര്യ’മില്ലാത്ത ഞാന്‍, അതിന്റ മേജര്‍ ഷെയറും അന്ന് എനിക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകനും, എഴുത്തുകാരനുമായ എന്റെ സുഹൃത്ത് അഡ്വക്കേറ്റ് ശ്യാമിന് നല്കി. ബാക്കി ഒരു നുള്ള് ഞാന്‍ നുണഞ്ഞു. കരുതിയത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍..!
ഒത്തിരി സ്വാദിഷ്ടമായിരുന്നു ആ ‘സ്വീറ്റ്സ്’..! ശ്ശേ..; ഒരെണ്ണം കൂടി എടുക്കാമായിരുന്നു..! കുറ്റബോധം തോന്നി..! അല്ലെങ്കിലും അതങ്ങനാണല്ലോ..; പലപ്പോഴും ജീവിതത്തില്‍ കൈക്കുമ്പിളില്‍കൊണ്ടു വച്ചുതരുന്ന പലതിന്റെയും വിലയും ഗുണവും നമ്മള് വൈകി മാത്രമാകും തിരിച്ചറിയുക..! ഇല്ല, എനിക്ക് മതിയായില്ല. ഇനിയും വേണം..!
ആഗ്രഹം ഒരു കൊതിയായി നാവില്‍ അവശേഷിപ്പിച്ച് മെല്ലെ ഞാന്‍ അദ്ദേഹത്തെ തന്നെ സമീപിച്ചു..! ‘സുരേഷ്ജീ..; സ്വീറ്റ് ഒത്തിരി സ്വാദിഷ്ടമായിരുന്നു..; എനിക്ക് നല്കാന് ഒരെണ്ണംകൂടിയുണ്ടാകുമോ…!? അതിനകംതന്നെ അത് എല്ലാവര്‍ക്കുമായി വീതിച്ചു നല്കി കഴിഞ്ഞിരുന്ന അദ്ദേഹം വിഷമത്തോടെ പറഞ്ഞു..; ‘അയ്യോ..; തീര്‍ന്നുപോയല്ലോ ഷമ്മീ…’ അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഞാന്‍, എന്നിലെ നിരാശ മറച്ചു പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു..; ‘സാരമില്ല സുരേഷ് ജീ..! സാരമില്ല..!’ അപ്പോഴേക്കും ‘ഷോട്ട് റെഡി’ എന്ന സംവിധായകന്റെ അറിയിപ്പ് വന്നു..! അറിയിപ്പ് ലഭിച്ച ഭാഗത്തേക്ക് ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ ആ ശബ്ദം ആര്‍ദ്രമായി എന്റെ കാതില്‍ മന്ത്രിച്ചു ‘തിലകന്‍ചേട്ടന്റെ മകന് വെഷമിക്കണ്ട..; ഈ കടം ഞാന്‍ വീട്ടും’. പാപ്പന്റെ ഷൂട്ട് കഴിഞ്ഞ് എല്ലാരും പിരിഞ്ഞു, അദ്ദേഹം ഡല്‍ഹിക്കും, ഞാന്‍ കൊല്ലത്തേക്കും മടങ്ങി..! അതിജീവനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ‘മധുരമൂറുന്ന’ ആ കടത്തിന്റെ കഥ ഞാന്‍ മറന്നു. എന്നാല്‍, കൃത്യം ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 13ന് ഒരു വിളിയെത്തി..! ‘ഷമ്മീ.., സുരേഷ് ഗോപിയാണ്..! നിങ്ങള്‍ക്ക് ഞാന്‍ തരാനുള്ള കടം അല്പസമയത്തിനകം നിങ്ങളുടെ വാതില്‍ പടിയില്‍ എത്തും..! സ്വീകരിച്ചു കൊള്ളുക..!’ പറഞ്ഞു തീര്‍ന്നില്ല..! കോളിംഗ് ബെല്‍ മുഴങ്ങി..! ആകാംക്ഷയോടെ ഞാന്‍ വാതില്‍ തുറന്നു. ആര്‍ട്ട് ഡയറക്ടര്‍ ശ്രീ. സാബു റാം വാതില്ക്കല്..! ചേട്ടന്റെ വീട്ടിലെത്തിക്കണം എന്ന് പറഞ്ഞു സുരേഷ്ഗോപി സാര്‍ തന്നയച്ചതാണെന്ന് അറിയിച്ച് ഒരു പൊതി ഏല്‍പ്പിച്ചിട്ട് സാബു യാത്രയായി.
ഞാന്‍ ഇന്നോളം കഴിച്ചിട്ടുള്ളതില്‍വച്ച്, അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ‘മധുരം’ നിറച്ചുവച്ചിട്ടുള്ള ആ സ്നേഹപ്പൊതിയുമായി തിരികെ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു കൃത്യം ഒരു മാസം മുമ്പ് അദ്ദേഹം പറഞ്ഞത്. ”തിലകന്‍ചേട്ടന്റെ മകന് വെഷമിക്കണ്ട..; ഈ കടം ഞാന്‍ വീട്ടും” പ്രിയ സുരേഷ്ജി ഒത്തിരി സന്തോഷത്തിലാണ് ഞാന്‍..! ഒപ്പം, അങ്ങയെ പോലെ മനഷ്യപ്പറ്റുള്ളതും, സഹജീവികളോട് കരുണയുള്ളവനുമായ ഒരു അതുല്യ കലാകാരന്റെ കാലഘട്ടത്തില്‍ ജീവിക്കാനായതില്‍ അഭിമാനിക്കുന്നു ഞാന്‍. നിങ്ങള്‍ ഒരു വിസ്മയമാണ്..! സൂപ്പര്‍ സ്റ്റാറുകള്‍ക്കും മേലേയാണ് എന്റെയുള്ളില്‍ അങ്ങേയ്ക്കുള്ള സ്ഥാനം. കുതികാല് വെട്ടാതെയും., കുത്തിത്തിരിപ്പുണ്ടാക്കാതെയും, ദന്തഗോപുരങ്ങളിലെ മിഥ്യാബോധത്തിലാണ്ടു കഴിയാതെയും..; കൂടെയുള്ളവരുടെ/ഒപ്പമുള്ളവരുടെ/ഒറ്റപ്പെടുന്നവരുടെ ജീവിതങ്ങള്‍ കൂടി സംരക്ഷിക്കാന്‍… അവരുടെ കൊച്ചു കൊച്ചു താല്പര്യങ്ങള് പോലും തന്റെ കടമായി കണ്ട് അവരെ സംരക്ഷിച്ചു പിടിക്കാന്‍, ചേര്‍ത്തു പിടിക്കാന്‍ കഴിയുന്ന അങ്ങയെ പോലുള്ളവരാണ് സൂപ്പര്‍സ്റ്റാര്‍.. അങ്ങയെ പോലുള്ളവര്‍ മാത്രമാണ് സൂപ്പര്‍ സ്റ്റാര്‍..!’ – ഷമ്മി തിലകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.