ചെന്നൈ: മാതാപിതാക്കൾക്ക് എതിരെ തമിഴ് നടൻ വിജയ് കോടതിയിൽ. തന്റെ പേര് യോഗങ്ങൾ നടത്താനോ പൊതുജനങ്ങളെ സംഘടിപ്പിക്കാനോ ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്. മാതാപിതാക്കളെ കൂടാതെ മറ്റ് ഒമ്പത് പേർക്കെതിരെ കൂടിയാണ് മദ്രാസ് ഹൈക്കോടതിയെ നടൻ സമീപിച്ചത്.
പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ, അമ്മ ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ് മക്കൾ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭൻ, കൂടാതെ സംഘടനയുടെ എട്ട് ഭാരവാഹികൾ എന്നിവർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്.
തന്റെ പേരും ചിത്രവും ഉപയോഗിച്ച് രാഷ്ട്രീയ യോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്ന് പിതാവും മാതാവും ഉൾപ്പെടെയുള്ളവരെ വിലക്കണമെന്നാണ് ഹർജി. വിജയിയുടെ ഹർജി 27ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. വിജയിയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ വിജയ് മക്കൾ ഇയക്കം എന്ന പേരിൽ സംഘടന ആരംഭിച്ചു. തുടർന്ന് ഇത് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പിതാവിന്റെ രാഷ്ട്രീയ പാർട്ടിയിൽ വിജയ് ചേരുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി വിജയ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.