അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പ വന്‍ വിജയമാണ് കൊയ്തത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയും ഒരു നിര്‍ണായക വേഷം അവതരിപ്പിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പുഷ്പ ആദ്യ ഭാഗത്തിനായി അണിയറപ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് വിജയ് സേതുപതിയെയായിരുന്നു. പിന്നീട് ആ കഥാപാത്രം ഫഹദിലേക്ക് എത്തുകയായിരുന്നു. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിക്കായി അണിയറപ്രവര്‍ത്തകര്‍ എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രയെയാകും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് വിവരം. ‘പുഷ്പ 2: ദി റൂള്‍’ എന്നാണ് രണ്ടാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്.
പുഷ്പയുടെ ആദ്യ ഭാഗം ഹിന്ദിയില്‍ ഉള്‍പ്പെടെ വന്‍ വിജയമായിരുന്നു. ഹിന്ദിയില്‍ മാത്രം ചിത്രം 200 കോടിയാണ് കളക്ട് ചെയ്തത്. അല്ലുവിനും ഫഹദിനും പുറമേ രശ്മിക മന്ദാന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടാം ഭാഗം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം. കെജിഎഫ് 2 വന്‍ തരംഗം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ തിരക്കഥയില്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.