ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാന് ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നു. ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നുവെന്നും ഷൂട്ടിന് ആംബുലന്‍സ് നല്കാന് തയ്യാറായവര്‍ വലിയ തുക ചോദിച്ച സമയത്ത് സൗജന്യമായി സേവാ ഭാരതി ആംബുലന്‍സ് നല്കാന് തയ്യാറായതോടെയാണ് സിനിമയില്‍ അത് ഉപയോഗിച്ചതെന്ന് സംവിധായകൻ വിഷ്ണു മോഹന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് എതിരെ നടൻ വിവേക് ഗോപനും മുന്നോട്ട് എത്തിയിരിക്കുകയാണ്.
മേപ്പടിയാൻ എന്ന സിനിമയിൽ കൊളുത്തിയ വിളക്ക് വർഗീയ വിളക്കാണത്രേ 🤭.. അതിൽ ഉടുത്തിരിക്കുന്ന കറുപ്പ് വർഗീയ കറുപ്പാണെന്നും ഉപയോഗിച്ച ആംബുലൻസ് വർഗീയ ആംബുലൻസ് ആണെന്ന് അത് ഓടിച്ച റോഡ് വർഗീയ റോഡ് ആണെന്നും ഉണ്ണിമുകുന്ദൻ അവതരിപ്പിച്ച ജയകൃഷ്ണൻ വർഗീയത നാല് വീതം മൂന്ന് നേരം ആഹാരത്തിനു ശേഷം വിഴുങ്ങുന്നതാണെന്നും അതിലെ ഒരു വില്ലൻ വേഷക്കാരൻ അഷ്റഫ് ഹാജി മുണ്ട് ഇടത്തോട്ട് ഉടുക്കുന്ന ആൾ ആണെന്നും അത് ഒരു വിഭാഗത്തെ ആക്ഷേപിക്കുകയാണെന്നും ഓരിയിടുന്നവരോടും വലിയ ചന്ദനാദി എണ്ണ തലയിൽ തേക്കാത്തവരോടും ഒന്ന് ചോദിച്ചോട്ടെ……
നിങ്ങൾ “ധ്രുവം “എന്ന മമ്മൂട്ടി ചിത്രം കണ്ടിട്ടുണ്ടാകും ല്ലേ (ഇത് മാത്രമല്ല നിരവധി സിനിമകൾ ഉദാഹരണങ്ങളായി ഉണ്ട്) .. അതിലെ മമ്മൂട്ടി അവതരിപ്പിച്ച നരസിംഹ മന്നാടിയാരും ജയറാം അവതരിപ്പിച്ച വീരസിംഹനും നീണ്ട കുറി ധരിച്ച, ശുഭ്രവസ്ത്രം ധരിച്ച വിളക്ക് കൊളുത്തുക മാത്രമല്ല പൂജചെയ്യുന്ന ഗായത്രി മന്ത്രം ചൊല്ലുന്ന കഥാപാത്രങ്ങൾ ആയിരുന്നല്ലോ.. അതിലെ വില്ലനായ ഹൈദർ മരയ്ക്കാരും കൂട്ടരും ഇടത്തോട്ട് മുണ്ട് ഉടുത്ത, തലയിൽ തൊപ്പി വച്ചവരും നിസ്ക്കരിക്കുന്ന വരുമായിരുന്നു.. അന്ന് വർഗീയത കാണാത്തവർ ഇന്ന് വർഗീയത കാണുന്നെങ്കിൽ വർഗീയത കൊടികുത്തി വാഴുന്നത് നിങ്ങളുടെ ഉള്ളിൽ തന്നെയാണ് എന്ന് സ്വയം വിളിച്ചു പറയുകയാണ്… നിങ്ങളുടെ വർഗീയ കാർഡിനെ അതിജീവിച്ചു ജൈത്ര യാത്ര തുടരുകയാണ് ഉണ്ണിമുകുന്ദനും മേപ്പടിയാനും … ഒന്ന് കണ്ണ് തുറന്നു നോക്കുക.. കലയെ കലയായും സിനിമയെ സിനിമയായും കണ്ടിരുന്ന gods own country യെ അപ്പാടെ അങ്ങ് വിഴുങ്ങാമെന്നു കരുതിയോ? നിങ്ങളുടെ ഈ ചിന്താഗതി നശിപ്പിക്കുന്നത് കേരളത്തിന്റെ തനതായ കലാ പാര്യമ്പരത്തെയും ആസ്വാദന സംസ്ക്കാരത്തെയുമാണ്.. മേപ്പടിയാൻ പോലുള്ള നല്ല സിനിമകൾ ഇനിയും ഉണ്ടാകട്ടെ… നമ്മുടെ മനസിലും നമ്മുടെ സ്വീകരണ മുറികളിലും അതിനു ഇടം നൽകാം. NB :മറവിയ്ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ… ദഹനക്കേടിന് അത് പോരാ.. വെറുതെ കലയെ വർഗീയതയുമായി കൂട്ടി കുഴക്കരുത്.
ഉണ്ണി മുകുന്ദന് ഫിലിംസ് എന്ന ബാനറില്‍ നടന് ഉണ്ണി മുകുന്ദന് നിര്‍മ്മിച്ച ആദ്യ ചിത്രമായ മേപ്പടിയാനില്‍ അദ്ദേഹം തന്നെയാണ് നായക വേഷവും ചെയ്തിരിക്കുന്നത്. ഇതിന്റെ ട്രൈലെര്‍, അതുപോലെ സൂപ്പര്‍ ഹിറ്റായ ഗാനങ്ങള്‍ എന്നിവയിലൂടെ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ ഉണ്ടാക്കികൊണ്ട് തന്നെയാണ് ഈ ചിത്രം റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന് എന്ന നടന്, ഒരു സ്റ്റൈലിഷ് ഹീറോ എന്നതിനൊക്കെ അപ്പുറം മികച്ച റേഞ്ച് ഉള്ള ഒരു നടന് ആണെന്ന് നമ്മുക്ക് കാണിച്ചു തരുന്ന ചിത്രം കൂടിയാണ് മേപ്പടിയാന്. അത്ര മികവോടെ തന്നെ ജയകൃഷ്ണന് എന്ന തന്റെ കഥാപാത്രത്തിന് ഉണ്ണി ജീവന് നല്കി. ഓരോ ചലനത്തിലും കഥാപാത്രമായി മാറാന്‍ ഉണ്ണി മുകുന്ദന് സാധിച്ചു എന്നത് ഈ നടന്റെ പ്രതിഭ കാണിച്ചു തരുന്നു. മറ്റൊരു പ്രധാന വേഷം ചെയ്ത സൈജു കുറുപ്പ് ഒരിക്കല്‍ കൂടി തന്റെ വേഷം മികച്ചതാക്കിയപ്പോള്‍ നായികാ വേഷം ചെയ്ത അഞ്ജു കുര്യന് തന്റെ കഥാപാത്രത്തെ ഏറെ പക്വതയോടെ തന്നെ അവതരിപ്പിച്ചു ഫലിപ്പിച്ചു.