പ്രശസ്ത സീരിയല്‍ നടനായ വിവേക് ഗോപന് ബിജെപിയില്‍ അംഗത്വമെടുത്തതായി സ്ഥിരീകരിക്കാത്ത വിവരം. വിവേക് ഗോപന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും പാര്‍ട്ടി ജില്ലാ സെക്രട്ടറി വിവി രാജേഷിനും ഒപ്പം നില്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വിവേക് ഗോപന് ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ചുകൊണ്ട് വിവേക് തന്റെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരുന്നു.
‘പരസ്പരം’ എന്നെ സീരിയലിലൂടെയാണ് വിവേക് ഗോപന് പ്രശസ്തി നേടുന്നത്.സിനിമയിലും വിവേക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതുവരെ 15 സിനിമകളിലാണ് വിവേക് അഭിനയിച്ചത്. 2011ലെ ‘ഒരു മരുഭൂമി കഥ’യാണ് വിവേകിന്റെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ ‘പുള്ളിക്കാരന് സ്റ്റാറാ’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്നീ ചിത്രങ്ങളിലും വിവേക് അഭിനയിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ സിനിമ സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി പേരുടെ പേരുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നത്. സംവിധായകന് രാജസേനന് ബിജെപി ഇത്തവണ സീറ്റ് നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്. രാജ്യസഭ അംഗവും നടനുമായ സുരേഷ് ഗോപിയെ മത്സരിക്കാനും ബിജെപി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ മത്സരിരക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടന് കൃഷ്ണ കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൃഷ്ണ കുമാറിനെ പരിഗണിക്കുന്നത്.
#_സീരിയൽ_താരം വിവേക് ഗോപൻ ബിജെപിയിൽ അംഗത്വമെടുത്തു ദേശീയതയിലേക്ക് സ്വാഗതം 🚩🚩
Posted by Anu Krishnan Karakkad on Saturday, 30 January 2021