‘എടാ ദാസാ’ എന്നുള്ള വിളിയും ‘എന്താടാ വിജയാ’ എന്ന മറുവിളിയും ജീവനുള്ള കാലത്തോളം മലയാളി സിനിമാപ്രേമികൾ മറക്കില്ല. കാരണം, കാലമെത്ര മുന്നോട്ട് കുതിച്ചാലും ദാസനും വിജയനും മലയാളികളുടെ മനസിൽ ചെറുപ്പക്കാരായി തന്നെ തുടരും. ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ കഥാപാത്രങ്ങൾ ആയിരുന്നു ദാസനും വിജയനും. ശ്രീനിവാസനും മോഹൻലാലും ആയിരുന്നു ചിത്രത്തിൽ ദാസനും വിജയനുമായി എത്തിയത്. ഈ കൂട്ടുകെട്ടിന്റെ തമാശ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാളി ഏറ്റെടുത്തു. വർഷങ്ങൾക്ക് ശേഷം മലയാളിയുടെ പ്രിയപ്പെട്ട ദാസനും വിജയനും ഒരേ വേദിയിൽ എത്തിയിരിക്കുകയാണ്. ദാസന് വിജയൻ ഉമ്മയും നൽകി. പതിയെ ദാസന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
വിനോദ ചാനലായ മഴവിൽ മനോരമയുടെ 2022ലെ എന്റർടയിൻമെന്റ് അവാർഡ് വേദിയിലേക്കാണ് ദാസനും വിജയനും ഒരുമിച്ച് എത്തിയത്. ഇവർക്കൊപ്പം വേദിയിൽ സംവിധായകൻ സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു. സുഖമില്ലാതെ കുറച്ചു കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു ശ്രീനിവാസൻ. മഴവിൽ മനോരമയുടെ വേദിയിൽ എത്തിയ ശ്രീനിവാസനെ ഉമ്മ നൽകിയാണ് മോഹൻലാൽ വരവേറ്റത്. മോഹൻലാൽ കവിളിൽ ചുംബനം നൽകി കഴിഞ്ഞപ്പോൾ ശ്രീനിവാസന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. സത്യൻ അന്തിക്കാടും ആ സമയത്ത് വേദിയിൽ ഒപ്പമുണ്ടായിരുന്നു. മലയാളത്തിലെ മഹാപ്രതിഭകളും യുവതാരങ്ങളും സന്നിഹിതരായിരുന്ന മഴവിൽ മനോരമ എന്റർടയിൻമെന്റ്സ് അവാർഡ് വേദി പ്രതിഭകളുടെ ഒരു സംഗമവേദി കൂടി ആയിരുന്നു.
നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, ഉദയനാണ് താരം എന്നിങ്ങനെ എത്രയെത്ര ചിത്രങ്ങളിൽ അവർ പ്രേക്ഷകർക്കായി തമാശയുടെ വിരുന്നൊരുക്കി. കഴിഞ്ഞ കുറച്ചു കാലമായി സുഖമില്ലാതെ ചികിത്സയിൽ ആയിരുന്നു ശ്രീനിവാസൻ. മക്കളായ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ അനാരോഗ്യത്തിൽ നിന്ന് പതിയെ പതിയെ ആരോഗ്യത്തിലേക്ക് നടന്നു കയറുകയാണ് ശ്രീനിവാസൻ. മഴവിൽ മനോരമയുടെ വേദിയിൽ താരം എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതും അതുകൊണ്ടു തന്നെ. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് ചാനൽ പങ്കുവെച്ച പ്രൊമോ വീഡിയോ വൈറലായത്. അജു വർഗീസ്, രമേഷ് പിഷാരടി, ഹണി റോസ് തുടങ്ങി നിരവധി താരങ്ങളാണ് ഈ ചെറിയ വീഡിയോ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുന്നത്.