ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് മനോജ് ബാജ്പേയ്. ദൂരദര്‍ശനിലെ സ്വാഭിമാന്‍ എന്ന പരമ്പരയിലൂടെയാണ് മനോജ് ബാജ്പേയ് അഭിനയ രംഗത്തേക്ക് എത്തിയത്. 1994 മുതല്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ മനോജ് ബാജ്പേയ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 1998ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ കൊവിഡ് മഹാമാരി സിനിമാ മേഖലയില്‍ കൊണ്ടുവന്ന മാറ്റത്തെക്കുറിച്ചും നായകന്മാര് ഒഴികെയുള്ളവരെ എങ്ങനെയാണ് സെറ്റില്‍ ഉള്‍പ്പെടെ കണ്ടിരുന്നതെന്നുമെല്ലാം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മനോജ് ബാജ്പേയ്.
നായകന്റേത് ഒഴിതെ ഏത് വേഷം ചെയ്യുന്നവരേയും സെറ്റിലും പ്രേക്ഷകര്‍ക്കിടയിലും മറ്റും രണ്ടാം തരം പൗരന്മാരായി കണ്ടിരുന്ന കാലമുണ്ടായിരുന്നുവെന്നാണ് മനോജ് ബാജ്പേയ് പറയുന്നത്. തനിക്കതൊരിക്കലും നല്ല കാര്യമായി തോന്നിയിട്ടില്ല. അതുകൊണ്ട് ബോംബെയിലേക്ക് മാറാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും മനോജ് ബാജ്പേയ് പറഞ്ഞു.
സിനിമാ മേഖലയില്‍ കൊവിഡ് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇക്കാലയളവില്‍ ബോളിവുഡില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം കഴിവുള്ള കലാകാരന്മാര്ക്കും അവസരം ലഭിച്ചു. ഒരുപാട് സ്ത്രീകേന്ദ്രീകൃത സിനിമകള്‍ വന്നുകൊണ്ടിരിക്കുന്ന കാലത്താണ് നാമുള്ളത്. കൊവിഡ് ലോകത്തെ മുഴുവന്‍ ദോഷമായി ബാധിച്ചുവെന്നും എന്നാല്‍ സിനിമാ മേഖലയ്ക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.