ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളസിനിമയിൽ എത്തി തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ഇതിനകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുള്ള അനുശ്രീ നായികയായും സഹനടിയായും വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ഒക്കെ ഒപ്പമുള്ള നിമിഷങ്ങൾ അനുശ്രീ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ലോക്ക്ഡൗൺ സമയത്തും ഫോട്ടോഷൂട്ടും വീഡിയോകളും ഒക്കെയായി അനുശ്രീ സജീവമായിരുന്നു.
ഇപ്പോൾ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ചർച്ചയാകുന്നത്. ഒരു കൈ ആം സ്ലിങ് പൗച്ചിൽ തൂക്കിയിട്ടു കൊണ്ട നിൽക്കുന്ന ചിത്രമാണ് അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘മുറുകെ പിടിക്കുന്നു, ശരിയെന്ന് തോന്നുന്നു, കൈകോര്‍ത്തു…. താര’ (Holding tight, feels right, hand in hand “THARA ” ) എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. എന്നാൽ, ഇംഗ്ലീഷിൽ കുറിപ്പ് പങ്കുവെച്ചത് ചില ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. ഈ ഹെഡിങ് പൃഥിരാജിന് മാത്രം വായിച്ചാൽ മതിയോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഭൂരിഭാഗം പേരും എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന സന്ദേശമാണ് കമന്റ് ബോക്സിൽ നൽകിയിരിക്കുന്നത്. എന്നാൽ, ഷൂട്ടിംഗ് നടക്കുന്ന താരയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, കമന്റ് ബോക്സിൽ ചില ട്രോൾ കമന്റുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ‘ഒപ്പത്തിന്റെ ക്ലൈമാക്സിൽ കഴുത്തിൽ, 12th മാൻ ക്ലൈമാക്സിൽ കയ്യിൽ’ എന്നായിരുന്നു ഒരു കമന്റ്. മോഹൻലാൽ നായകനാകുന്ന ട്വൽത് മാനിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് അനുശ്രീ ‘താര’യിൽ ജോയിൻ ചെയ്തത്. അതേസമയം, ‘കൈ ഒടിഞ്ഞു ഇങ്ങനെ കെട്ടി വെച്ചാലും സാരി ഉടുക്കുന്ന നായിക മലയാളം സിനിമയിൽ ഒരു മിസ്റ്ററിയായി തുടരുകയാണ്..’ എന്നായിരുന്നു മറ്റൊരാളുടെ കണ്ടെത്തൽ. അനുശ്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് താര. ദേശ്വിന്‍ പ്രേം ആണ് സിനിമയുടെ സംവിധായകൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ ആയിരുന്നു പുറത്തിറക്കിയത്. സമീര്‍ മൂവീസ് ബാനറില്‍ അന്റോണിയോ മോഷന്‍ പിക്ചേഴ്സിന്റേയും ഡൗണ്‍ ടൗണ്‍ പ്രൊഡക്ഷന്‍സിന്റേയും സഹകരണത്തോടെ സമര് പിഎം ആണ് ചിത്രം നിര്‍മിക്കുന്നത്.