നടി ഭാമ വിവാഹിതയാവുന്നതായി റിപ്പോർട്ടുകൾ. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയെ വിവാഹം കഴിക്കാന്‍ പോവുന്നതെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് കരുതുന്നത്. നിവേദ്യം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ഭാമ. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. 2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയതിന് ശേഷമാണ് ഭാമ എന്ന പേര് സ്വീകരിച്ചത്. അഭിനയത്തിനൊപ്പം നല്ലൊരു പാട്ടുക്കാരി കൂടിയാണ് നടി.