ദിലീപിന്റെ അഭിനയജീവിതത്തിൽ ഏറ്റവും വലിയ വഴിത്തിരിവായി തീർന്ന ഒരു ചിത്രമാണ് ലാൽ ജോസ് ഒരുക്കിയ മീശമാധവൻ. ഇന്നും മലയാളികൾക്ക് മീശമാധവൻ എന്ന കേട്ടാൽ ചേക്കും മാധവനും സുഗുണനും പിള്ളേച്ചനും പെടലിയും ഈപ്പൻ പാപ്പച്ചിയുമൊക്കെ മനസ്സിലേക്ക് ഓടി വരും. ചിത്രത്തിലെ ആ ചിരികൾക്കും ഗാനങ്ങൾക്കും നിന്നുമൊരു പുതുമ ഉണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത. സരസുവിനെ കാണാൻ രാത്രി മതിൽ ചാടിയെത്തുന്ന പിള്ളേച്ചനൊക്കെ ഇന്നും ചിരിപ്പിക്കുന്നു. സരസുവായി വേഷമിട്ട ഗായത്രി 16 വർഷങ്ങൾക്കിപ്പുറം ആ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറക്കുന്നു. “പതിനാറ് വർഷം പോയത് നമ്മൾ അറിയുന്നില്ല. മീശമാധവൻ ഇപ്പോഴും ചെറുപ്പമാണ്. ആദ്യമൊക്കെ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ക്യാരക്ടറിന്റെ ആ ഒരു സ്വഭാവം വെച്ച് എല്ലാവരും പറയുമ്പോൾ ഒരു നാണക്കേട് പോലെയായിരുന്നു. പക്ഷേ ഇപ്പോഴാണ് അതിന്റെ ഒരു വില മനസ്സിലാകുന്നത്. ലാൽ ജോസ്, അമ്പിളിച്ചേട്ടൻ തുടങ്ങിയവരുടെ ആ ഒരു കൂട്ടുകെട്ടിന്റെ ഗുണമാണത്. ആ കൂട്ടുകെട്ടിൽ മാറിനിന്നാലും നമ്മൾ അങ്ങനെ ആവുകയുള്ളൂ.”