നടി ഗായത്രി സുരേഷ് നായികയായി എത്തിയ പുതിയ ചിത്രം എസ്കേപ്പ് കഴിഞ്ഞദിവസം ആയിരുന്നു റിലീസ് ആയത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. തന്റെ പുതിയ ചിത്രത്തെക്കുറിച്ചും സോഷ്യൽ മീഡിയ ട്രോളുകളെക്കുറിച്ചും മാധ്യമങ്ങളോട് മനസ് തുറക്കുന്നതിനിടയിൽ നടി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തെക്കുറിച്ചുളള കമന്റ് ആയിരുന്നു അത്. ഒ ടി ടിയിൽ റിലീസ് ചെയ്തതിനു പിന്നാലെ ആറാട്ട് സിനിമയെക്കുറിച്ച് ട്രോളുകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഗായത്രി സുരേഷ് ആറാട്ട് ചിത്രത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. ആറാട്ട് സിനിമക്ക് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായേക്കാമെന്നാണ് ഗായത്രി അഭിപ്രായപ്പെട്ടത്. അതുപോലെ മമ്മൂട്ടി ചിത്രമായ ഭീഷ്മപർവം ഒരു ഇന്റലക്ച്വൽ മൂവി ആണെന്നും ഗായത്രി അഭിപ്രായപ്പെട്ടു. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗായത്രി തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്.
ആറാട്ട് വിനോദചിത്രമാണെന്ന് പറഞ്ഞ ഗായത്രി ടി വിയിൽ കാണുമ്പോൾ വളരെ രസകരമായി കാണാവുന്ന ഒരു ചിത്രമായിരിക്കും അതെന്നും പറഞ്ഞു. അതുകൊണ്ടു തന്നെ ടിവിയിൽ വരുമ്പോൾ റിപ്പീറ്റ് വാല്യു കിട്ടാവുന്ന ഒരു ചിത്രമായി ആറാട്ട് മാറാൻ സാധ്യതയുണ്ടെന്നും ഗായത്രി വിശദീകരിച്ചു. മമ്മൂട്ടി – അമല്‍ നീരദ് ചിത്രം ഒരു ഇന്റലക്ച്വല്‍ മൂവി ആണ്. ഈ ഈ കാലഘട്ടത്തില്‍, താന്‍ ഇന്റലക്ച്വല്‍ ആണെന്ന് കാണിക്കാനായി ആളുകള്‍ ഇന്റലക്ച്വല്‍ മൂവി കൂടുതൽ സ്വീകരിക്കാറുണ്ട് എന്ന് തോന്നാറുണ്ടെന്നും ഗായത്രി സുരേഷ് പറഞ്ഞു. വളരെ ഫൺ ആയിട്ടുള്ള ഒരു സിനിമ നമ്മൾ സ്വീകരിച്ചാൽ നമ്മൾ ഇന്റലക്ച്വല്‍ അല്ലാതാവും എന്നൊരു തോന്നൽ പലർക്കും ഉണ്ടെന്നും ഗായത്രി നിരീക്ഷിച്ചു. ഗായത്രി കേന്ദ്രകഥാപാത്രമായിഅഭിനയിച്ച പുതിയ ചിത്രം എസ്കേപ്പ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഒരു സൈക്കോ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ഒരു ഗർഭിണിയുടെ വേഷത്തിലാണ് ഗായത്രി സുരേഷ് എത്തുന്നത് ചിത്രത്തിൽ ഒരു ഗാനവും ഗായത്രി സുരേഷ് പാടിയിട്ടുണ്ട്. ജാസി ഗിഫ്റ്റിന് ഒപ്പം ആയിരുന്നു ഗായത്രി ഗാനം ആലപിച്ചത്. ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. അരുൺ കുമാറും സന്തോഷ് കീഴാറ്റൂരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രമാ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല, സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സജീഷ് രാജ് ആണ് ചിത്രത്തിന്റെ ക്യാമറ. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. സന്ദീപ് നന്ദകുമാർ ആണ് എഡിറ്റിംഗ്.