കാക്കനാട് വാഹനാപകടത്തിനു ശേഷം വണ്ടി നിർത്താതെ പോയ സംഭവത്തിൽ കേരളത്തിലെ രണ്ടേമുക്കാൽ കോടി മലയാളികളും തനിക്കൊപ്പം ആണെന്ന് നടി ഗായത്രി സുരേഷ്. അപകടത്തിന് ശേഷം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇങ്ങനെ പറഞ്ഞത്. ഗായത്രി പറഞ്ഞത് ഇങ്ങനെ, ‘ഈ കേരളത്തിൽ എത്ര കോടി ജനങ്ങളുണ്ട്? മൂന്നു കോടി ജനങ്ങളാണോ? മൂന്നുകോടി ജനങ്ങളാണ്. അതില്‍ എന്റെ എതിരെ നിൽക്കുന്ന ഒരു ലക്ഷം ആൾക്കാരെ ഉണ്ടാകുകയുള്ളൂ. ബാക്കി ഉള്ള ഫുൾ കോടി ആൾക്കാരും എന്റെ കൂടെ ആയിരിക്കും. അതെനിക്ക് ഉറപ്പുണ്ട്. അത് ജനങ്ങൾക്ക് എന്നോടുള്ള വിശ്വാസമാണ്. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നുള്ള വിശ്വാസമാണ്. ആ ഒരു ലക്ഷം പേരെ എനിക്ക് വേണ്ട. എന്തെങ്കിലും ആയിക്കോട്ടെ. എനിക്കവരെ വേണ്ട. എന്നെ സപ്പോർട്ട് ചെയ്യുന്നവരെ മാത്രമേ ഞാൻ കാണുന്നുള്ളൂ. നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾക്കാ ഒരു ലക്ഷത്തിൽപ്പെടണോ അതോ രണ്ടേമുക്കാൽ കോടിയിൽപ്പെടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.’
ഏതായാലും അപകടവും അതിനു ശേഷമുള്ള വീഡിയോയും ഇപ്പോൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്. ഇ ബുൾ ജെറ്റ് ഫാൻസിന്റെ കേരളം കത്തിക്കുമെന്ന പരാമർശം സഹിതമായിരുന്നു സൈബർ ലോകത്തെ പരാമർശങ്ങൾ. അപകടത്തെക്കുറിച്ച് ഗായത്രി ലൈവിൽ വന്ന പറഞ്ഞതും ട്രോളൻമാർ ഏറ്റെടുത്തിരുന്നു. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തൊട്ടു മുന്നിലുള്ള വണ്ടിയുടെ മുന്നിലുള്ള ഗ്ലാസ് ഉരയുകയായിരുന്നു. റോഡിൽ നല്ല തിരക്കായതു കൊണ്ട് വേഗത്തിൽ പോയെന്നും കുറച്ചു കഴിഞ്ഞപ്പോഴാണ് അപകടം നടന്ന കാറിലെ ആളുകൾ തങ്ങളെ ചേസ് ചെയ്ത് പിടിക്കുകയായിരുന്നെന്നും തങ്ങളെ അസഭ്യം പറഞ്ഞെന്നും ഇതിനെ തുടർന്ന് ആദ്യം കാർ നിർത്താതെ പോയെന്നും ഗായത്രി പറഞ്ഞു. പിന്നീട് അവർ തങ്ങളുടെ കാറിനു മുന്നിൽ വട്ടം വെയ്ക്കുകയായിരുന്നെന്നും അതിനു ശേഷം നടന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കണ്ടതെന്നും അവർ വ്യക്തമാക്കി.
താനൊരു സെലിബ്രിറ്റി ആയതു കൊണ്ടാണ് ഇത് ഇത്രയും വലിയ പ്രശ്നമായതെന്നും സാധാരണക്കാരായിരുന്നെങ്കിൽ ആരും വീഡിയോ എടുക്കില്ലായിരുന്നെന്നും ഗായത്രി പറഞ്ഞു. ആ വിഡിയോയില്‍ കണ്ടത് മാത്രമല്ല അവിടെ നടന്നത്. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട് ഞാന്‍ മാറിമാറി സോറി പറഞ്ഞിട്ടുണ്ട്. പിന്നെ അവര്‍ പൊലീസിനെ വിളിച്ചു. സത്യത്തില്‍ കേരള പൊലീസിനോട് വലിയ കടപ്പാടുണ്ട്. അവര്‍ എന്നോട് കാറിനുള്ളില്‍ കയറി ഇരുന്നോളാന്‍ പറഞ്ഞു. എന്നെ ആദ്യം തന്നെ സുരക്ഷിതയാക്കുകയാണ് അവര്‍ ചെയ്തത്. വണ്ടി നിര്‍ത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡില്‍ ആ സമയത്ത് നല്ല തിരക്കായിരുന്നു. ഇവര്‍ പുറകെ വരുന്നുണ്ടെന്ന് വിചാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.