നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ വീരസിംഹ റെഡ്ഡി വന്‍ ഹിറ്റായിരിക്കുകയാണ്. മലയാളി താരം ഹണി റോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹണി റോസായിരിക്കും നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷത്തിലും മറ്റും ഹണി റോസായിരുന്നു മുഖ്യാകര്‍ഷണം. വിജയാഘോഷ വേളയില്‍ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങില്‍ തെലുങ്കില്‍ പ്രസംഗിച്ച ഹണി റോസിന്റെ വിഡിയോ വൈറലായിരുന്നു.
ഗോപിചന്ദ് മലിനേനിയാണ് വീരസിംഹ റെഡ്ഡിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിഷി പഞ്ചാബിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.