മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവിന്റെ പാതയിലാണ് നടി മീര ജാസ്മിൻ. ഒരുപാട് സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം സ്വന്തമാക്കിയ നടി വിവാഹത്തിനു ശേഷം സിനിമയിൽ സജീവമല്ലായിരുന്നു. ഇപ്പോൾ സിനിമയിൽ രണ്ടാമതും സജീവമാകാൻ തയ്യാറെടുക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാകുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസമാണ് താരം തന്റെ ഒഫീഷ്യൽ അക്കൗണ്ട് ആരംഭിച്ചത്. ഇതുവരെ ആകെ മൂന്ന് പോസ്റ്റുകൾ മാത്രമാണ് പങ്കുവെച്ചിട്ടുള്ളത്. എന്നാൽ, അതിനുള്ളിൽ തന്നെ നിരവധി ഫോളോവേഴ്സിനെയാണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വെള്ള നിറമുള്ള ഷർട്ട് ധരിച്ചുള്ള ചിത്രങ്ങളാണ് മീര ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന ലുക്കുമായി എത്തിയ താരത്തിന് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സുരഭി ലക്ഷ്മിയും അരുൺ ഗോപിയും കമന്റ് ബോക്സിൽ എത്തി ലവ് ഇമോജി നൽകി. നിരവധി ആരാധകരും കമന്റുമായി എത്തി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മടങ്ങിവരവിന് ഒരുങ്ങുന്നത്. ചിത്രത്തിൽ മീര ജാസ്മിന്റെ നായകനായി ജയറാം ആണ് എത്തുന്നത്. മീര നായികയായി എത്തുന്ന ഒരു ചിത്രം മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷമാണ്. ‘മകൾ’ എന്നാണ് ചിത്രത്തിന്റെ പേര്.
സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത് കഴിഞ്ഞ വിജയദശമി ദിനത്തിൽ ആയിരുന്നു. ഇക്കാര്യം വ്യക്തമാക്കി സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്.’