വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മോളി കണ്ണമാലി. നായകനായും വില്ലനായും സഹനടനായും തിളങ്ങി മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. കഴിഞ്ഞദിവസം ബാലയെ കാണാൻ മോളി കണ്ണമാലി മകനും മരുമകൾക്കുമൊപ്പം എത്തി. ഇതിന്റെ വീഡിയോ ബാല തന്റെ യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മോളി കണ്ണമാലി ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. സഹായവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. നടൻ ബാലയും മോളി കണ്ണമാലിക്ക് സഹായവുമായി എത്തിയിരുന്നു. ഇതിൽ ബാലയ്ക്ക് നന്ദി അറിയിക്കാൻ എത്തിയതാണ് മോളി കണ്ണമാലി.
ഇത് പ്ലാൻ ചെയ്ത വീഡിയോ അല്ലെന്നും ഷൂട്ടിങ്ങല്ലെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മോളിയെ ചാള മേരി എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ബാല വീഡിയോ ആരംഭിക്കുന്നത്. മരണം വരെ മേരി ചേച്ചി എത്തിയെന്നും പക്ഷേ ചേച്ചി തിരിച്ച് വരുമെന്ന് എനിക്ക് തോന്നിയെന്നും ചേച്ചി തിരിച്ചുവന്നെന്നും ബാല പറഞ്ഞു. ദൈവത്തിന്റെ കൃപയാണെന്നും എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൊണ്ട് ചേച്ചി തിരിച്ച് വന്നെന്നും പറഞ്ഞ ബാല അന്ന് കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നെന്നും പറഞ്ഞു. അച്ഛനും അമ്മയും ആരെന്ന് ജനിക്കുന്ന സമയത്ത് അറിയില്ലെന്നും പക്ഷേ മരിക്കുമ്പോൾ ആരൊക്കെ നമുക്ക് ഒപ്പമുണ്ടാകുമെന്ന് അറിയാൻ പറ്റുമെന്നും ബാല വീഡിയോയിൽ പറയുന്നു. മോളി കണ്ണമാലിക്ക് ഒരു കുറച്ച് തുകയും കൈമാറുന്നുണ്ട്.
മരണത്തെ താൻ നേരിട്ട് കണ്ട് തിരിച്ചുവന്നതാണെന്ന് മോളി കണ്ണമാലിയും പറഞ്ഞു. വലിയ ആഗ്രഹങ്ങളില്ല. മക്കൾ തനിക്കുവേണ്ടി കഷ്ടപ്പെടുകയാണ്. അറ്റാക്ക് വന്ന സമയത്ത് പട്ടയം പണയം വെച്ച് ഒരു നാല് ലക്ഷം രൂപ എടുത്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ആറ് ലക്ഷത്തോളം രൂപയുണ്ട്. ജപ്തി വന്നിരിക്കുകയാണെന്നും അക്കാര്യം ബാല സാറിനോട് പറയാനായി വന്നതാണെന്നും അവർ പറഞ്ഞു. താൻ കിടപ്പിലായപ്പോൾ മകൻ ഓടി വന്നെന്നും അപ്പോൾ ബാല സാർ സഹായിച്ചെന്നും ആശുപത്രിയിൽ നിന്ന് ഇറങ്ങി ആദ്യം കാണാൻ വന്നത് ബാല സാറിനെയാണെന്നും അവർ പറഞ്ഞു. മലയാള സിനിമയിൽ ഒരുമിച്ച് അഭിനയിക്കണമെന്ന് തങ്ങൾക്ക് ഇരുവർക്കും ആഗ്രഹമുണ്ടെന്നും മോളി കണ്ണമാലി പറഞ്ഞു.