മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബർ രണ്ടിന് പുലർച്ചെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി നെഗറ്റീവ് റിവ്യീകൾ വന്ന് തുടങ്ങിയിരുന്നു. എന്നാൽ, ചിത്രം തിയറ്ററിൽ പോയി കണ്ടവർ തിയറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ് മരക്കാർ എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
നിരവധി നെഗറ്റീവ് റിവ്യൂകൾ കേട്ടാണ് താൻ മരക്കാർ കാണാൻ പോയതെന്നും എന്നാൽ സത്യസന്ധമായി പറഞ്ഞാൽ താൻ സിനിമ ആസ്വദിച്ചെന്നും നടി നവ്യ നായർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നവ്യ ഇങ്ങനെ പറഞ്ഞത്. ‘എല്ലാവർക്കും നമസ്കാരം.. ഇന്നലെ മരക്കാർ കണ്ടു, ഒരുപാട് നെഗറ്റീവ് റിവ്യൂകൾ കേട്ടാണ് ഞാൻ സിനിമ കാണാൻ പോയത്. പക്ഷേ സത്യസന്ധമായി പറയട്ടെ ഞാൻ സിനിമ ആസ്വദിച്ചു. ഞാൻ ഒരു നിരൂപകയോ വിമർശകയോ അല്ല. പക്ഷേ, മരക്കാർ കണ്ടതിന് ശേഷമുള്ള എന്റെ സന്തോഷം അറിയിക്കുന്നു. മലയാള സിനിമ ഇൻഡസ്ട്രി എത്രത്തോളം എത്തി എന്ന് കാണുമ്പോൾ അഭിമാനം തോന്നുന്നു.
അത്തരമൊരു സിനിമയ്ക്ക് നന്ദി’ – നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഒടിടിയിലും റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോകം മുഴുവൻ 4000ത്തിലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
View this post on Instagram