മലയാളത്തിന്റെ പ്രിയ നായികയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട് താരം. ഇപ്പോൾ ഇതാ മലയാളത്തിൽ നിന്ന് മറാത്തിയിലേക്ക് സ്കൂട്ടർ ഓടിച്ച് എത്തിയിരിക്കുകയാണ് താരം.
മറാത്തിയിൽ ‘ഹവാഹവായി’ എന്ന ചിത്രത്തിലൂടെയാണ് നിമിഷ അരങ്ങേറ്റം കുറിക്കുന്നത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് തിലേകർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2022 ഏപ്രിൽ ഒന്നിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സാരിയുടുത്ത് സ്കൂട്ടർ ഓടിച്ച് പോകുന്ന നിമിഷ സജയനെയാണ് കാണാൻ കഴിയുന്നത്. നീല സാരിയും മഞ്ഞ ബ്ലൗസുമാണ് വേഷം. തർക് പ്രൊഡക്ഷന്സിന്റെയും 99 പ്രൊഡക്ഷന്സിന്റെയും ബാനറില്‍ മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മഹേഷ് തിലേകർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. പങ്കജ് പദ്ഘാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആശാ ഭോസ്ലെ ചിത്രത്തിലെ പാടിയിട്ടുണ്ട്. ദേശീയ പുരസ്കാര ജേതാവായ ഒനിർ സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയിലും നിമിഷ പ്രധാനവേഷം ചെയ്യുന്നുണ്ട്. ‘വി ആര്’ എന്നാണ് ഈ ചിത്രത്തിന്റെ പേര്. ‘ഐം ആം ലൈക് ഐ ആം’ എന്ന സിനിമയുടെ തുടര്‍ച്ചയാണ് സിനിമ എന്നും പറയപ്പെടുന്നു.
HAWAHAWAI❤️ pic.twitter.com/uhGsNE6nQY
— Nimisha Sajayan (@NimishaSajayan) January 27, 2022