മേഘം സിനിമയിലെ ‘മഞ്ഞുകാലം നോൽക്കും കുഞ്ഞുപൂവിൻ കാതിൽ’ എന്ന പാട്ട് ഓർമയുണ്ടോ. മമ്മൂട്ടിയും പൂജ ബത്രയും ആടിത്തിമിർത്ത ആ പാട്ട് സിനിമ കണ്ടവരുടെ മനസിൽ നിന്ന് മായില്ല. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും പൂജ ബത്രയും ഒരുമിക്കുകയാണ്. തെലുങ്ക് ചിത്രമായ ‘ഏജന്റ്’ എന്ന സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടിയും പൂജ ബത്രയും ഒരുമിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷം പൂജ ബത്ര പങ്കുവെച്ചു. സോഷ്യൽ മീഡിയിൽ മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് പൂജ സന്തോഷം അറിയിച്ചത്.
‘എന്റെ പ്രിയപ്പെട്ട കോസ്റ്ററുകളിൽ ഒരാളായ മമ്മൂട്ടിക്കൊപ്പം, വളരെ നാളുകൾക്ക് ശേഷം നിങ്ങളെ കണ്ടതിൽ സന്തോഷം. നിങ്ങൾക്ക് ഒരു മാറ്റവുമില്ല. #മേഘം സിനിമ’ – മേഘം എന്ന ഹാഷ് ടാഗും ഒപ്പം ചേർത്തായിരുന്നു പൂജ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. ബോളിവുഡ് താരമാണെങ്കിലും നിരവധി മലയാളി ആരാധകരാണ് പൂജ ബത്രയ്ക്കുള്ളത്. തമിഴിൽ അതിഥി വേഷത്തിൽ അഭിനയിച്ചു തുടങ്ങിയ താരം തെലുങ്ക്,ഹിന്ദി, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിക്ക് ഒപ്പം മേഘം എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയം നിരവധി ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, ജയറാം എന്നിവർക്കൊപ്പവും പൂജ അഭിനയിച്ചിട്ടുണ്ട്. മേഘം സിനിമയിലെ അഭിനയം നിരവധി ആരാധകരെ നേടിക്കൊടുത്തു പൂജയ്ക്ക്. ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനായി മമ്മൂട്ടി ഇപ്പോൾ ഹംഗറിയിലാണ്. അവിടെ നിന്ന് പകർത്തിയ ചിത്രമാണ് പൂജ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.