കഴിഞ്ഞ ദിവസമാണ് നടി കാവേരിയുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് കേസിൽ നടി പ്രിയങ്ക കുറ്റവിമുക്തയാക്കപ്പെട്ടത്. എന്നാൽ ആരോപണവിധേമാക്കപ്പെട്ട കഴിഞ്ഞ 17 വർഷക്കാലം തികച്ചും ദുർഘടമായ അവസ്ഥയിലൂടെയാണ് പ്രിയങ്ക കടന്നുപോയത്. സിനിമകളിൽ ലഭിക്കുമായിരുന്ന നിരവധി മെച്ചപ്പെട്ട അവസരങ്ങളാണ് ഈ വ്യാജ ആരോപണത്തെ തുടർന്ന് പ്രിയങ്കയ്ക്ക് നഷ്ടമായത്. തനിക്ക് നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ സത്യം തെളിയുമോ എന്ന് ഭയപ്പെടേണ്ടതുള്ളൂവെന്നും പ്രിയങ്ക പറഞ്ഞു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ കേസുമായി മുന്നോട്ടു പോകുന്നതിന് തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നെന്നും ഒമ്പതാം മാസം ഗർഭിണി ആയിരുന്നപ്പോഴും കേസിന്റെ കാര്യവുമായി കോടതി കയറിയിറങ്ങിയിട്ടുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. തെറ്റു ചെയ്യാത്തതിനാൽ കേസിനെക്കുറിച്ച് തങ്ങളോട് ചോദിച്ചവരൊടെല്ലാം തെറ്റുകാരി അല്ലാത്തതിനാൽ എത്രകാലം വരെയും നിയമപോരാട്ടം നടത്തുമെന്നാണ് താൻ പറഞ്ഞതെന്നും പ്രിയങ്ക വ്യക്തമാക്കി.
എന്തിനാണ് പണം വാങ്ങിയതെന്ന് കുറ്റവിമുക്തയായ ശേഷവും താൻ നേരിടുന്ന ചോദ്യമാണ്. ഇതിൽ തിരിച്ചൊന്നും പറയാനില്ല. നടി കാവേരിയും താനും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടി കാവേരിയുടെ പേര് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിൽ അച്ചടിച്ചു വരുമെന്ന് അറിഞ്ഞപ്പോൾ അത് അവരെ വിളിച്ച് അറിയിക്കുക മാത്രമാണ് താൻ ചെയ്തത്. തുടർന്ന് കാവേരി വിളിച്ചു. ആലപ്പുഴയിൽ വെച്ച് നേരിട്ട് കാണാൻ കഴിയുമോ എന്ന് അന്വേഷിച്ചു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ നേരിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ താൻ കാവേരിയെ കാണാൻ ആലപ്പുഴയിൽ പോയിയെന്നും ആലപ്പുഴ എത്തിയപ്പോൾ കാവേരിയുടെ അമ്മ ഒരു പൊതിയെടുത്ത് തന്റെ കാറിലേക്ക് ഇടുകയായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. എന്നാൽ, താൻ പണം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. ഇതിന് പിന്നാലെ പൊലീസ് വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും യഥാർത്ഥത്തിൽ ഇതാണ് ഉണ്ടായതെന്നും പ്രിയങ്ക പറഞ്ഞു.
അവർ എന്റെ കാറിലേക്ക് ഒരു ഡമ്മിപ്പൊതി ആയിരുന്നു ഇട്ടത്. താൻ പണം ആവശ്യപ്പെട്ടിട്ടാണെന്ന വ്യാജേന ആയിരുന്നു അവരുടെ നാടകം കളി. ഒരു ലക്ഷം പോയിട്ട് ഒരു രൂപ പോലും താൻ വാങ്ങിയിട്ടില്ല. തന്നെ അറസ്റ്റ് ചെയ്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ താൻ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടി എന്നാണ് പറഞ്ഞത്. എന്നാൽ, അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോൾ നടപടി എടുത്തത് പരാതിയെ തുടർന്നാണെന്നും സ്വന്തം ഭാഗം കോടതിയിൽ തെളിയിക്കേണ്ടി വരുമെന്നും അറിയിച്ചു. അതേസമയം, 2004ൽ കേസ് ഉണ്ടായതിനു ശേഷം താനിതുവരെയും ഒത്തുതീർപ്പ് ശ്രമത്തിന് പോയിട്ടില്ലെന്നും ആരുടെയും കാലു പിടിച്ചിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. കാവേരിയെ വിസ്തരിക്കാൻ കോടതിയിൽ കൊണ്ടുവരണം എന്നുള്ളതിനാലാണ് അവരിപ്പോൾ കേസിൽ നിന്നും പിൻമാറുന്നത്. തനിക്കെതിരെ തെളിവ് അവരുടെ കൈവശം ഇല്ലെന്നും പ്രിയങ്ക പറഞ്ഞു. പൊലീസ് അന്വേഷണത്തില് തൃപ്തിയില്ലാത്തതിനെ തുടര്ന്ന് 2015ല് വീണ്ടും അന്വേഷണം വേണമെന്ന് അവര് ആവശ്യപ്പെട്ടു. അവർ എന്നെ കൂടുതൽ ബുദ്ധിമുട്ടിച്ചു. അവരുടെ കാലു പിടിക്കാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. ഇനി വെറുതെയിരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.