അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പയിലെ ദേവി ശ്രീ പ്രസാദ് ഈണം നല്കിയ ‘സാമി സാമി’ എന്ന ഗാനം ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു. അതില്‍ രശ്മിക മന്ദാനയുടെ ചുവടുവയ്പായിരുന്നു ഹൈലൈറ്റ്. ചിത്രത്തിന്റെ പ്രമോഷന് എത്തിയിരുന്ന രശ്മിക അവിടെയെല്ലാം ‘സാമി സാമി’ ക്ക് ചുവടുവച്ചിരുന്നു. ഇപ്പോഴിതാ ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് താരം. ‘സാമി സാമി’ക്ക് ഇനി ചുവടുവയ്ക്കില്ലെന്നാണ് താരം അറിയിത്തിരിക്കുന്നത്.
സ്റ്റേജുകളില്‍ ഇനി ‘സാമി സാമി’ എന്ന ഗാനത്തിന് ചുവടുവയ്ക്കില്ലെന്ന് രശ്മിക മന്ദാന പറയുന്നു. കുറെയേറെ തവണ സാമി സാമിക്ക് നൃത്തം ചെയ്തുകഴിഞ്ഞു. പ്രായമാകുമ്പോള്‍ നടുവേദന വരാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഗാനത്തിന് ഇനി ചുവടുവയ്ക്കില്ലെന്നും രശ്മിക പറയുന്നു. ട്വിറ്ററില്‍ ആസ്ക് മി എനിതിങ് എന്ന സെക്ഷനില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രശ്മിക.
നേരിട്ട് കാണുമ്പോള്‍ താരത്തിനൊപ്പം സാമി സാമി പാട്ടിന് ചുവടുവെയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ‘ഒരുപാട് തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. തനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?’ എന്നായിരുന്നു രശ്മിക ആരാധകന് നല്കിയ മറുപടി.