പുതിയ ചിത്രം ശാകുന്തളത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നടി സാമന്ത. മയോസിറ്റിസ് രോഗബാധയെക്കുറിച്ചുള്ള ഓര്‍മകളാണ് സാമന്തയെ വേദനിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകന് ഗുണശേഖര്‍ ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ സാമന്ത വികാരാധീനയാകുകയായിരുന്നു.
താന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ലെന്ന് സാമന്ത പറഞ്ഞു. അത് സിനിമയോടുള്ള സ്നേഹമാണ്. സിനിമ തന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്നേഹം പതിന്മടങ്ങ് വര്‍ധിക്കുമെന്ന് താന്‍ കരുതുന്നു. ഗുണശേഖര്‍ സാര്‍ തന്നെ ഈ കഥാപാത്രത്തിനായി തെരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നുവെന്നും സാമന്ത പറഞ്ഞു.
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ഗുണശേഖര്‍ സിനിമ ഒരുക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ വേഷമിട്ട ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് വലിയ സ്വീകര്യതയാണ് ലഭിച്ചത്.